മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റമദാൻ വ്രതാരംഭം വ്യാഴാഴ്ച. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവർ അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമായതായി റിപ്പോർട്ടുകളില്ല. ഹിജ്റ വർഷം 1447-ലെ റമദാൻ മാസത്തിന് വ്യാഴാഴ്ച പുലർച്ചെ തുടക്കമാകും. ഇതോടെ വിശ്വാസികള്‍ ഇനി ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കും.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവർ വ്രതാരംഭം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ഗള്‍ഫ് നാടുകളില്‍ മാസപ്പിറവി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച വ്രതം ആരംഭിക്കാനിരിക്കെയാണ് കേരളത്തില്‍ വ്യാഴാഴ്ച മുതല്‍ നോമ്പ് തുടങ്ങുന്നത്.
