ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കോൺക്രീറ്റ് വീടിന്റെ ഒരുഭാഗം തകരുകയും വീട്ടുപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു.വെള്ളനാട് ഉറിയാക്കോട് നെടിയവിള പി.വി.ഹൗസിൽ എൻ.പരമേശ്വരന്റെ വീട്ടിലാണ് ഇടിമിന്നലേറ്റത്. വൈകിട്ട് നാലര മണിയോടെയാണ് സംഭവം.
മഴയ്ക്കിടയിൽ ശക്തമായുണ്ടായ ഇടിമിന്നൽ വീടിന്റെ പിറകുഭാഗത്ത് പതിക്കുകയായിരുന്നു. പാരപ്പെറ്റും കോൺക്രീറ്റിന്റെ ഒരുവശവും അടർന്നു വീഴുകയും വീടിനുള്ളിൽ കോൺക്രീറ്റ് തകർന്ന് വലിയൊരു ദ്വാരം രൂപപ്പെടുകയും ചെയ്തു. ചുവരിൽ വിള്ളൽ ഉണ്ടാകുകയും ശക്തമായ പൊട്ടിത്തെറിയിൽ ജനൽ ഗ്ലാസുകൾ പൊട്ടിച്ചിതറുകയും ചെയ്തു . ഇലക്ട്രിക് മീറ്റർബോർഡ്, കേബിൾ , ഫ്രിഡ്ജ് എന്നിവയും കത്തിനശിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വീട്ടിനുള്ളിൽ കിടക്കുകയായിരുന്ന പരമേശ്വരന്റെ ഭാര്യ വിശാലാക്ഷി വീടിന് പുറത്തിറങ്ങി കോഴികളെ അടയ്ക്കാനായി പോയതിനാൽ അപകടമൊന്നും സംഭവിച്ചില്ല. മറ്റാരും വീട്ടിൽ ഇല്ലാതിരുന്നതും രക്ഷയായി.