
തിരുവനന്തപുരം: ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ എൽഡിഎഫിനും യുഡിഎഫിനും സ്ഥാനാർത്ഥികൾ മാറും. എൻഡിഎയ്ക്ക് മുൻതരഞ്ഞെടുപ്പിലെ അതേ സ്ഥാനത്ത് തന്നെ വന്നേക്കും.
നിലവിൽ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് ചിറയിൻകീഴ്. സിപിഐയിലെ വി ശശിയാണ് എംഎൽഎ. വി ശശി മൂന്ന് ടേം പൂർത്തിയാക്കിയ സാഹചര്യത്തിൽ വീണ്ടും ഒരു അവസരം നൽകില്ല. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. ഇവിടെ പുതിയ സ്ഥാനാർഥിയെയാണ് സിപിഐ പരിഗണിക്കുന്നത്.
നിലവിലെ സിപിഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമനയ്ക്കാണ് മുൻഗണന. ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷൻ, വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് മെമ്പർ, ഗ്രന്ഥശാല പ്രസിഡൻറ്, മണ്ഡലത്തിലെ വിവിധ സാമൂഹിക സാംസ്കാരിക ക്ഷേമ കൂട്ടായ്മകളുടെ ഭാരവാഹി എന്നീ നിലകളിലെല്ലാം മണ്ഡലത്തിലെ നിറസാന്നിധ്യമാണ് മനോജ് ബി ഇടമന. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മുൻപ്രസിഡന്റ് ആയിരുന്ന ദേവകിയുടെ പേരും പരിഗണിക്കുന്നുണ്ട്.
യുഡിഎഫിൽ കോൺഗ്രസിനാണ് ചിറയിൻകീഴ് സീറ്റ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിനകത്ത് നിന്നുള്ള വിവിധ കോൺഗ്രസ് പ്രവർത്തകരെ സ്ഥാനാർത്ഥിയാക്കി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ കൊണ്ടുവരുവാൻ തീരുമാനിച്ചിട്ടുണ്ട്. മുൻ എംപി രമ്യ ഹരിദാസിനെയാണ് നേതൃത്വം പരിഗണിക്കുന്നത്.
സ്ഥലം എംപിയും യുഡിഎഫ് കൺവീനറുമായ അടൂർ പ്രകാശ് മുൻകൈയെടുത്താണ് രമ്യ ഹരിദാസിനെ ചിറയിൻകീഴ് അവതരിപ്പിക്കുന്നത്. ഇതിനകം ചിറയിൻകീഴിലെ പ്രധാന ക്യാമ്പയിനുകളുടെ എല്ലാം ഉദ്ഘാടകയായി രമ്യ ഹരിദാസ് സജീവമായി കഴിഞ്ഞു. ഇതേസമയം ജില്ലയിൽ നിന്നുള്ള സ്ഥാനാർത്ഥി തന്നെ വേണമെന്ന് ജില്ലയിലെ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ദളിത് കോൺഗ്രസ് നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ യെങ്കിൽ കെ. പി. സി. സി ജനറൽ സെക്രട്ടറി കെ.എസ് ഗോപകുമാർ ചിറയിൻകീഴ് മണ്ഡലത്തിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചേക്കും.
എൻഡിഎയിൽ ബിജെപിയാണ് ചിറയിൻകീഴ് സീറ്റിൽ മത്സരിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആശാനാഥ് ആണ് മുൻവർഷം ഇവിടെ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങിയത്. ഇത്തവണയും ആശാനാഥനെ സ്ഥാനാർത്ഥിയായി വരുമെന്നാണ് നേതൃത്വത്തിൽ നിന്നുള്ള വിവരം. സമീപകാലത്ത് ബിജെപി ഏറ്റവും ശക്തമായി വളർന്ന നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് ചിറയിൻകീഴ്. നിലവിൽ രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ബിജെപി കേവല ഭൂരിപക്ഷം നേടി ഭരണം നേടിയിട്ടുണ്ട്. ഇതര പഞ്ചായത്തുകളിലും നിർണായക രാഷ്ട്രീയ കക്ഷിയാണ്. ബിജെപിക്ക് ഇത് വലിയ സാധ്യതകൾ പകരുന്നു
