
വെമ്ബായം വേറ്റിനാട് സ്വദേശി എം. അജിത് കുമാറിന്റെ (53) ദുരൂഹമരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്.തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭാര്യ മത്സരിക്കുന്നതിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പിന്നാലെയാണ് അജിത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിക്കും.
ഒക്ടോബർ 19-ന് രാവിലെയാണ് അജിത്തിനെ വീട്ടിലെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു മകൻ വിനായകിന്റെ ആദ്യ മൊഴി. എന്നാല്‍ 60 ദിവസത്തിന് ശേഷം ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ, അന്ന് അച്ഛനുമായി ഏറ്റുമുട്ടലുണ്ടായെന്നും വടികൊണ്ട് അടിച്ചെന്നും മകൻ പൊലീസിനോട് സമ്മതിച്ചു. വണ്ടിയുടെ താക്കോലിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചതെന്നാണ് മകന്റെയും ഭാര്യ ബീനയുടെയും വാദം. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിട്ടും വട്ടപ്പാറ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. മൃതദേഹം കിടന്ന മുറി സീല്‍ ചെയ്തില്ലെന്നും തെളിവ് നശിപ്പിക്കാൻ മുറി പെയിന്റ് ചെയ്തത് ഗൗരവമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗമായ ബീന ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഭാര്യയ്ക്ക് സീറ്റ് നല്‍കിയാല്‍ താൻ എതിർക്കുമെന്ന് അജിത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മരണശേഷം മകൻ ഈ പോസ്റ്റ് നീക്കം ചെയ്തതും സംശയത്തിന് ഇടയാക്കി. മന്ത്രി ജി.ആർ. അനില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാൻ തീരുമാനിച്ചത്
