
വിദ്യാർഥിനിയോട് ബസില്‍വെച്ച് മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ.വെമ്ബായം വേറ്റിനാട് രാജ് ഭവൻ വീട്ടില്‍ സത്യരാജി(53)നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്.
2023 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് ഡിപ്പോയില്‍നിന്നുള്ള കെ.എസ്.ആർ.ടി.സി ബസില്‍ സ്കൂളിലേക്ക് പോകാൻ കയറിയ ഒമ്ബതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ സത്യരാജ് കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തില്‍ സംഭവിച്ചതാകാമെന്ന് കരുതി മാറിനിന്നപ്പോള്‍ വീണ്ടും ആവർത്തിച്ചു.
തുടർന്ന് വിദ്യാർഥിനി സ്കൂള്‍ അധികൃതരോട് പരാതിപ്പെടുകയും ആര്യനാട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന എല്‍. ഷീന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകള്‍ സമർപ്പിക്കുകയും ചെയ്തു.
