കേന്ദ്ര സർക്കാർ എപ്രിൽ ഒന്നുമുതൽ നടപ്പാക്കുന്ന ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന പുതിയ, ഫ്യുവൽ ഇൻജക്‌റ്റഡ്, 124 സി.സി എൻജിനാണുള്ളത്. 7,500 ആർ.പി.എമ്മിൽ എട്ട് കിലോവാട്ട് കരുത്തും 6,000 ആർ.പി.എമ്മിൽ 10.9 ന്യൂട്ടൺ മീറ്രർ ടോർക്കും ഉത്‌പാദിപ്പിക്കുന്ന എൻജിൻ, ലിറ്ററിന് 55 കിലോമീറ്രറിനുമേൽ മൈലേജും നൽകും. സെൽഫ്/കിക്ക് സ്‌റ്റാർട്ടുകളുണ്ട്.
രൂപഭംഗിയിൽ മറ്റു ബൈക്കുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നതാണ് എസ്.പി 125. പച്ച, ചുവപ്പ്, പേൾ ബ്ളൂ, ഗ്രേ മെറ്റാലിക് നിറഭേദങ്ങളിലായുള്ള സ്‌പോർട്ടീ ലുക്കാണ് ഇതിന്റെ രഹസ്യം. ബോഡിയിൽ പുത്തൻ ഗ്രാഫിക്‌സ് ചാലിച്ചിരിക്കുന്നു. അത്, ആകർഷകവുമാണ്. ഇന്ധനടാങ്ക് കൂടുതൽ ഷാർപ്പാക്കിയിട്ടുമുണ്ട്. പുതിയ എൽ.ഇ.ഡി ഹെഡ്‌ലൈറ്റും സ്വന്തമായ വ്യക്തിത്വവും ആകർഷണവും ബൈക്കിന് നൽകുന്നു.
പരിഷ്‌കരിച്ച പിൻഭാഗം, പുതിയ അലോയ് വീൽ ഡിസൈൻ, ഫുള്ളി-ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് കൺസോൾ, പുതിയ സ്വിച്ച് ഗിയർ എന്നിവയും എല്ലാംകൊണ്ടും ‘പുത്തൻ” എന്ന വിശേഷണം എസ്.പി 125ന് ലഭ്യമാക്കുന്നു. പിന്നിൽ, എൽ.ഇ.ഡി ടെയ്ൽലാമ്പിന്റെ അസാന്നിദ്ധ്യമുണ്ട്.ഹാൻഡിൽ ബാറിന്റെ വലതുവശത്ത്, ശ്രേണിയിൽ തന്നെ ആദ്യമെന്ന് പറയാമെന്ന വിധം എൻജിൻ കിൽ സ്വിച്ചുണ്ട്.
എസ്.പി 125ലെ, ഹോണ്ടയുടെ എൻഹാൻസ്ഡ് സ്‌മാർട് പവർ സാങ്കേതികവിദ്യ, എൻജിനിലെ വൈബ്രേഷനുകൾ കുറയ്ക്കാനും സുഖകരമായ റൈഡിംഗിന് സഹായിക്കുന്നതുമാണ്. ഇത്, ദൈനംദിന ഉപയോഗത്തിന് മാത്രമല്ല, ഹൈവേ റൈഡിംഗിന് കൂടി ബൈക്കിനെ പ്രാപ്‌തമാക്കുന്നുണ്ട്. മണിക്കൂറിൽ 100 കിലോമീറ്രറിനുമേൽ വേഗതയിലും മികച്ച റൈഡിംഗ് അനുഭവം വാഹനം നൽകും.
അഞ്ച് ഗിയറുകളുണ്ട്. 160 എം.എം ആണ് എസ്.പി125ന്റെ ഗ്രൗണ്ട് ക്ളിയറൻസ്. ഇന്ധനടാങ്കിൽ 11 ലിറ്റർ പെട്രോൾ ഉൾക്കൊള്ളും. മുന്നിലെ ടെലസ്‌കോപ്പിക്, പിന്നിലെ ഹൈഡ്രോളിക് സസ്‌പെൻഷനുകൾക്കും സുഖയാത്രയേകുന്നതിന്റെ ക്രെഡിറ്റുണ്ട്. ഡ്രം, ഡിസ്‌ക് ബ്രേക്ക് വേരിയന്റുകൾ എസ്.പി 125നുണ്ട്. ഡ്രം വേരിയന്റിന് 76,349 രൂപയും ഡിസ്‌ക്കിന് 80,549 രൂപയുമാണ് എക്‌സ്‌ഷോറൂം വില.