ഗൂഡല്ലൂർ: വയനാടിന് പിന്നാലെ ഗുണ്ടൽപേട്ടിലും കടുവ ഒരാളെ ആക്രമിച്ച് കൊന്നുതിന്നു. ബന്ദിപ്പൂർ വനത്തിലെ മംഗളയ്ക്ക് സമീപം ഗോട്ട് വാലിയിൽ താമസിക്കുന്ന ബസവ (54)യാണ് കൊല്ലപ്പെട്ടത്. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ അർദ്ധബന്ധ ദേവ കുന്ദകെരെ സോണിലെ വീരേശ്വര ഗുഡ്ഡയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച ബസവ ആടുകളെ മേയ്ക്കാൻ കാട്ടിലേക്ക് പോയശേഷം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ബന്ധുക്കൾ താഴ്വരയിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് വീരേശ്വര ഗുഡ്ഡയിൽ പാതിഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്നുദിവസം മുമ്പാണ് വയനാട്ടിൽ കടുവ ആക്രമണത്തിൽ ക്ഷീരകർഷകനായ യുവാവ് കൊല്ലപ്പെട്ടത്. വാകേരി കൂടല്ലൂര്‍ മരോട്ടിത്തടത്തില്‍ പ്രജീഷിനെ (ചക്കായി-36) ആണ് കടുവ കൊന്ന് പാതി തിന്നത്. ശനിയാഴ്ച രാവിലെ വാഹനവുമായി വീട്ടിൽനിന്ന് 300 മീറ്ററോളം ദൂരത്തുള്ള സ്വകാര്യ തോട്ടത്തില്‍ പുല്ലരിയാന്‍ പോയതായിരുന്നു പ്രജീഷ്. വൈകുന്നേരമായിട്ടും കാണാതായതോടെ മാതാവ് അയല്‍വാസികളോട് വിവരം പറഞ്ഞു. തുടർന്ന് സഹോദരനും അയൽവാസിയും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നുദിവസമായിട്ടും നരഭോജി കടുവയെ കണ്ടെത്താനായിട്ടില്ല. വനാതിര്‍ത്തി മേഖലയാണ് മൂടക്കൊല്ലി. ഇവിടങ്ങളില്‍ പലപ്പോഴായി കടുവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്. ഈ വര്‍ഷമാദ്യം മാനന്തവാടി പുതുശ്ശേരിയില്‍ കര്‍ഷകനായ തോമസ് കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Home Uncategorized വയനാടിന് പിന്നാലെ ഗുണ്ടൽപേട്ടിലും കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു;മൃതദേഹം പാതിഭക്ഷിച്ച നിലയിൽ