തിരുവനന്തപുരം നെയ്യാറ്റിൻകരയില്‍ ഗ്യാസില്‍ നിന്ന് തീപടർന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം.മുട്ടക്കാട് സ്വദേശി സുനിതകുമാരിയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സക്കിടെയാണ് മരിച്ചത്. ഗ്യാസ് ലീക്കായതാണ് അപകടകാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. രാവിലെ അടുക്കളയില്‍ ചായ ഇടുന്നതിനിടെയായിരുന്നു അപകടം. വീടിന് സമീപം ബേക്കറി നടത്തിവരുകയായിരുന്നു സുനിത. വീട്ടില്‍ മക്കളും സുനിതയും മാത്രമാണ് താമസം. മകള്‍ രാവിലെ ടെക്‌നോപാർക്കില്‍ ജോലിക്ക് പോയി. സംഭവസമയം മകൻ അഖില്‍ വീട്ടില്‍ ഉണ്ടായിരുന്നു.
അപകടത്തെ തുടർന്ന് അടുക്കളയില്‍ നിന്ന് സുനിതയുടെ നിലവിളികേട്ട് മകനും സമീപവാസികളും ഓടി എത്തുകയായിരുന്നു. അപ്പോളേക്കും സുനിതക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. തുടർന്ന് നാട്ടുകാരും മകനും ചേർന്ന് നെയ്യാറ്റിൻകര ആശുപത്രിയിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.