ഐ.എസ്.എല്ലിൽ തുടർച്ചയായ രണ്ടു കളികളിലെ തോൽവിയിൽ നിന്ന് തലയുയർത്താൻ കേരള ബ്ളാസ്‌റ്റേഴ്സിന് ഇന്ന് ജയം അനിവാര്യം. പരിക്കിന്റെ പിടിയിൽ വലയുന്ന ബ്ളാസ്‌റ്റേഴ്സ് സ്വന്തം തട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒഡീഷ എഫ്.സിയെയാണ് നേരിടുന്നത്. രാത്രി 7.30 നാണ് മത്സരം.കഴിഞ്ഞ എവേ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയോട് 1-0ന് തോറ്റ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ആരാധകരെ തൃപ്തിപ്പെടുത്തിയെ മതിയാകൂ. മൂന്ന് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ബ്ളാസ്‌റ്റേഴ്സിനുള്ളത്. ആദ്യ മത്സരത്തിൽം സ്വന്തം തട്ടകത്തിൽ എ.ടി.കെയെ 2-1ന് തോൽപിച്ച് തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് പക്ഷേ രണ്ടാം കളിയിൽ 1-0ന് മുംബയ് സിറ്റി എഫ്.സിയോട് തോറ്റു.
ടീമിലെ പ്രമുഖ താരങ്ങൾക്കേറ്റ പരിക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിരോധത്തിലാക്കുന്നത്. സീസൺ തുടങ്ങുന്നതിന് മുമ്പേ പ്രതിരോധത്തിലെ സൂപ്പർതാരം സന്ദേശ് ജിങ്കൻപരിക്കേറ്റ് പുറത്തായി. വിദേശ പ്രതിരോധനിരതാരങ്ങളായ ജെയ്‌റോയും സുവർലോണും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ മത്സരത്തിനിടെ പേശിവലിവിൽ മുടന്തിയ സുവർലോണിനെ കളിയുടെ 13-ാം മിനിട്ടിൽ ഷട്ടോരി പിൻവലിച്ചിരുന്നു. ഇന്നും സുവർലോൺ കളിക്കില്ലെന്നാണ് സൂചന.
മരിയോ ആർക്കെസിന്റെ പരിക്കും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. സീസണിലെ ആദ്യ കളിയിൽ പകരക്കാരനായി ഇറങ്ങിയ മരിയോ പിന്നീട് മൈതാനത്തെത്തിയില്ല.
കളിച്ച മൂന്നിൽ ഒരു ജയവും രണ്ട് തോൽവിയും നേരിട്ടാണ് ഒഡീഷ എഫ്.സി കൊച്ചിയിലെത്തുന്നത്.കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസായിരുന്ന ടീം ഇത്തവണ പേരും ആസ്ഥാനവു മാറ്റിയാണ് ഒഡീഷ എന്ന പേരിലിറങ്ങിയത്. കഴിഞ്ഞ കളിയിൽ മുംബയ് സിറ്റിയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഒഡീഷ.