
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ പാളയത്തെ യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നില്‍ സംഘർഷം.മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നയിച്ച മാർച്ചിനുനേരെ ഹോസ്റ്റലില്‍ നിന്ന് കല്ലേറുണ്ടായതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. ആവശ്യത്തിന് പൊലിസ് സന്നാഹം ഇല്ലാതിരുന്നതാണ് സ്ഥിതിഗതികള്‍ സങ്കീർണമാക്കിയതെന്നും പ്രവർത്തകർ ആരോപിച്ചു.
തുടർന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ റോഡില്‍ ടയർ കത്തിച്ച് പ്രതിഷേധിക്കുന്നതിനിടെ ഹോസ്റ്റലില്‍ നിന്ന് കല്ലുകളും ബിയർ കുപ്പികളും എറിഞ്ഞു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കത്തുന്ന തീപ്പന്തങ്ങള്‍ ഹോസ്റ്റല്‍ വളപ്പിലേക്ക് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാല്‍ സംഘർഷത്തിന് തുടക്കമിട്ടത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണെന്നാണ് ഹോസ്റ്റലിലെ വിദ്യാർഥികളുടെ ആരോപണം.
വൈദ്യുതി മുടങ്ങിയ സമയത്ത് ഹോസ്റ്റലിനുള്ളില്‍നിന്ന് മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തത്. മാർച്ച് കടന്നുപോകുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അസഭ്യം പറയുകയും ഹോസ്റ്റലിലേക്ക് ബിയർ കുപ്പികളും തീപ്പന്തങ്ങളും എറിയുകയും ചെയ്തെന്നാണ് വിദ്യാർഥികളുടെ ആരോപണം. പിന്നീട് ഹോസ്റ്റല്‍ വളപ്പില്‍ വീണ തീപ്പന്തങ്ങള്‍ വിദ്യാർഥികള്‍ കൂട്ടിയിട്ട് കത്തിച്ച് പ്രതിഷേധിച്ചു.
