സത്യസന്ധതയുടെ പീടിക തുറന്നു പുതിയ പാഠം പഠിപ്പിക്കുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ആവശ്യമായ ബുക്ക്, പേന, പെൻസിൽ, കളർ പെൻസിൽ, ചാർട്ട്, പേപ്പർ, മാസ്ക് മുതലായ എല്ലാ അത്യാവശ്യ സാധനങ്ങളും ഇവിടെ ലഭ്യമാണ്. കടക്കാരൻ ഇല്ലാത്ത കടയിൽ നിന്ന് കുട്ടികൾക്ക് ആവശ്യമുള്ള സാധനങ്ങൾ എടുക്കാം. സാധനങ്ങളുടെ വില കടയിൽ പരസ്യ പ്പെടുത്തിവച്ചിട്ടുണ്ട്. കുട്ടികൾക്ക് പണം അവിടെ വെച്ചിരിക്കുന്ന പെട്ടിയിൽ ഇടാവുന്നതാണ്. നിരീക്ഷണ ക്യാമറകളോ കടയുടമയോ ഇല്ലാത്ത ഈ കടയിലൂടെ സ്കൂളിലെ കുട്ടികൾ സത്യസന്ധതയെന്ന നല്ല പാഠം പഠിക്കുകയാണ് എന്ന് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു പറഞ്ഞു. കാവൽക്കാരനില്ലാത്ത കടയുടെ ഉദ്ഘാടനം ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. തൻസീം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർ രമ്യ സുധീർ, സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, കമ്യൂണിറ്റി പോലീസ് ഓഫീസർ എസ്. ശാരിക എന്നിവർ സംബന്ധിച്ചു.