
തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍ വൻ നാശനഷ്ടം.അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി തൃശ്ശൂർ ജില്ലാ കളക്ടർ അറിയിച്ചു മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിലവില്‍ 13 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30-ഓടെയാണ് ആദ്യ സ്ഫോടനം നടന്നത്. തുടർന്ന് ഏകദേശം രണ്ട് മണിക്കൂറോളം പടക്കപ്പുരയിലെ അഞ്ച് കൂടാരങ്ങളും മാറിമാറി പൊട്ടിത്തെറിച്ചു. വൈകിട്ട് ആറുമണിയോടെയാണ് തീ ഭാഗികമായി അണയ്ക്കാനായത്. നാല്‍പ്പതോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 25 പേരില്‍ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇടുങ്ങിയ വഴിയിലൂടെ അഗ്നിശമന സേനയ്ക്ക് എത്താൻ കഴിയാതിരുന്നതിനെത്തുടർന്ന് സമീപത്തെ മതില് തകർത്താണ് വാഹനങ്ങള്‍ അകത്തെത്തിച്ചത്. സ്ഫോടനം നടന്ന സ്ഥലത്ത് ഇപ്പോഴും വൻതോതില്‍ പുക ഉയരുന്നതും പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികള്‍ അവശേഷിക്കുന്നതും രക്ഷാപ്രവർത്തകർക്ക് ഭീഷണിയാകുന്നുണ്ട്.
തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന കേന്ദ്രത്തിലായിരുന്നു അപകടം. ഈ മാസം 24-ന് നടക്കേണ്ട സാമ്പിള്‍ വെടിക്കെട്ടിനും 27-ലെ പ്രധാന വെടിക്കെട്ടിനുമുള്ള കരിമരുന്നാണ് ഇവിടെ ശേഖരിച്ചിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറഞ്ഞു
