
ബാറില്‍ മദ്യപിക്കവെ ഉണ്ടായ തര്‍ക്കം പരിഹരിക്കാൻ ഇടപെട്ടു; വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി; സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍.യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. തിരുവല്ലം വണ്ടിത്തടം പാലപുരയില്‍ വാടകയ്ക്ക് താമസിക്കുന്ന 38 കാരനായ സുമൻ ആണു മരിച്ചത്. സഹോദരങ്ങളടക്കം നാലുപേർ അറസ്റ്റില്‍. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. മർദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറില്‍ മദ്യപിക്കവേ മറ്റൊരാളുമായി തർക്കമുണ്ടാകുകയും ഇത് പരിഹരിക്കാൻ സുമൻ ഇടപെടുകയും ചെയ്തെന്നാണ് വിവരം.
തുടർന്ന് സുമനെ പ്രതികള്‍ ബാറിലിട്ട് മർദിച്ചു. രക്ഷപ്പെടാൻ ഇറങ്ങി ഓടിയ സുമനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും അവശനിലയില്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുമന്റെ തലയിലും മുഖത്തും നെഞ്ചിലും ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് അന്വേഷണം തുടങ്ങി.
