പൊതുജനങ്ങളോട് മാന്യമായി പെരുമാറാതെ ധാർഷ്‌ട്യം കാട്ടുന്ന പൊലീസിന് മുന്നറിയിപ്പായി, കേസുകളിൽ കുടുങ്ങിയ എസ്.ഐയുടെ പൊലീസ് മെഡൽ മുഖ്യമന്ത്രി തിരിച്ചെടുത്തു. 2015ലെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ച എസ്.ഐ വി.വി. നടേശനെതിരെയാണ് നടപടി.
മെഡൽ അനുവദിച്ച ശേഷം നടേശനെതിരെ സർക്കാരിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് സർക്കാർ ഉത്തരവ് പ്രകാരം ഡി.ജി.പി നടത്തിയ അന്വേഷണത്തിൽ നടേശനെ പ്രതിയാക്കി വൈക്കം മുനിസിഫ് കോടതിയിൽ സിവിൽ കേസുകളുണ്ടെന്നും നാട്ടുകാരെ അസഭ്യം പറഞ്ഞതായി പരാതി ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിജിലൻസ് കേസ്, ട്രൈബ്യൂണൽ നടപടികൾ, ക്രിമിനൽ കേസ്, സ്വകാര്യ ഹർജികൾ, കോടതി കേസുകൾ എന്നിങ്ങനെ നടപടികൾ നേരിടുന്നവർ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരല്ലെന്ന സർക്കുലറുണ്ടെന്നും വി.വി.നടേശൻ മുഖ്യമന്ത്രിയുടെ മെഡലിന് അർഹനല്ലെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.