
തിരുവനന്തപുരം കോർപ്പറേഷനിലെ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിന് പിന്നാലെ ഇയാളെ കോർപ്പറേഷൻ മേയർ സസ്പെൻഡ് ചെയ്തു. കേസില്‍ പെണ്‍കുട്ടിയുമായി അന്വേഷണ സംഘം സ്പാ സ്ഥാപനത്തിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ ബന്ധുക്കള്‍ വിറ്റ ‘ഡ്രീംസ്’ എന്ന സ്‌പാ സ്ഥാപനം ബിനാമി പേരില്‍ നടത്തിയിരുന്നത് കോർപ്പറേഷൻ ജൂനിയർ ഹെല്‍ത്ത് ഇൻസ്‌പെക്ടറായ അനുരൂപാണ്. പൂവാർ സ്വദേശി നിഷാന്തിനെ മുന്നില്‍ നിർത്തിയായിരുന്നു സ്ഥാപനത്തിന്റെ പ്രവർത്തനം. സ്പായിലെ ക്യു.ആർ കോഡ് വഴി ഇടപാടുകാർ നല്‍കിയ പണം നേരിട്ടെത്തിയിരുന്നത് അനുരൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ദിവസം ഇരുപതിനായിരത്തിലധികം രൂപ ഇത്തരത്തില്‍ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലെ നിരന്തര പ്രശ്നക്കാരനാണ് അറസ്റ്റിലായ അനുരൂപ്. വിഴിഞ്ഞത്ത് ചുമതലയിലിരിക്കെ ബാറില്‍ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് മേയർ ആര്യ രാജേന്ദ്രന്റെ ഭരണസമിതി ഇയാളെ ഉള്ളൂർ സോണലിലേക്ക് സ്ഥലം മാറ്റിയിരുന്നു. മൂന്നുമാസം മുൻപാണ് സ്പാ തുടങ്ങിയതെന്ന അനുരൂപിന്റെ മൊഴി പൊലീസ് പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. പെണ്‍കുട്ടിയെ സ്പായില്‍ എത്തിച്ച വിവരം ഇയാള്‍ അറിഞ്ഞിരുന്നോ എന്നതിലും അന്വേഷണം പുരോഗമിക്കുകയാണ്.
