സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന അനാവശ്യ നോട്ടങ്ങളും തോണ്ടലുകളും. അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്ന ഒരു സ്ത്രീ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുടെയും വ്യത്യസ്തമായ ഒരു ദൃശ്യാവിഷ്‌ക്കാരമാണ് പ്രതിപൂവൻകോഴി എന്ന മഞ്ജുവാര്യർ ചിത്രം. ചിത്രത്തിന്റെ പേര് പ്രതിപാദിക്കുന്നപോലെ സമൂഹത്തിലെ പൂവൻകോഴികളായ ചിലരിൽ നിന്ന് ഒരു ബസ്‌യാത്രക്കിടയിൽ തനിക്കുണ്ടാകുന്ന ദുരനുഭവും, അതിനെതിരെ പ്രതികരിക്കാൻ തീരുമാനിക്കുന്ന മാധുരി എന്ന മഞ്ജുവാര്യരുടെ കഥാപാത്രം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രധാന ഇതിവൃത്തം.
മാധുരി എന്ന കഥാപാത്രത്തിന് എതിരിടേണ്ടിവരുന്നത് നഗരത്തിലെ പ്രമുഖ ഗുണ്ടയായ ആന്റപ്പനെയാണ്. സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് ആന്റപ്പൻ എന്ന കഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ അഭിനയശൈലികൊണ്ട് റോഷന്‍ ആന്‍ഡ്രൂസ് ആന്റപ്പനെന്ന പ്രതിനായകനെ ശ്രദ്ധേയമാക്കിയിട്ടുണ്ട് .
സ്ത്രീക്കുമേലുള്ള പുരുഷന്റെ ആധിപത്യത്തെ കുറിച്ചും, അത് നിരന്തരം സാധാരണവത്ക്കരിക്കപ്പെടുത്തിനെ കുറിച്ചും സിനിമ ചർച്ച ചെയ്യുമ്പോൾ തന്നെ സ്ത്രീയുടെ ആർജ്ജവത്തെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്.