അസംഗഡ് യുവതിയുടെ തലയില്ലാത്ത ശരീരഭാഗങ്ങൾ കിണറ്റില് കണ്ടെത്തി. ഡൽഹിയിൽ യുവതിയെ കൊന്നു ശരീരം 35 കഷ്ണങ്ങളായി മുറിച്ച് ഉപേക്ഷിച്ചതിന്റെ ഞെട്ടൽ മാറുംമുൻപ് ഉത്തർപ്രദേശിലും സമാനസംഭവം. യുവതിയുടെ ശരീരം കഷ്ണങ്ങളാക്കി കിണറിൽ ഉപേക്ഷിച്ച നിലയിൽ അസംഗഡിലെ അഹ്റൗള പ്രദേശത്താണു കണ്ടെത്തിയത്. ഡൽഹിയിൽ കാമുകി ശ്രദ്ധ വാൽക്കറിനെ കൊന്ന കേസിൽ മുംബൈ സ്വദേശി അഫ്താബ് അമീൻ പൂനവാല കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.
സ്ത്രീയുടെ കൈകാലുകൾ, മറ്റു ശരീരഭാഗങ്ങൾ എന്നിവയാണു കിണറ്റിൽനിന്നു പൊലീസ് കണ്ടെടുത്തത്. മൃതദേഹത്തിൽ തലയുണ്ടായിരുന്നില്ല. പശ്ചിംകാപുര ഗ്രാമത്തിലെ കിണറ്റിൽ കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാരാണു മൃതദേഹ ഭാഗങ്ങൾ ആദ്യം കണ്ടത്. തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അഹ്റൗള പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
മൃതദേഹത്തിൽ ഒരു ഉൾവസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു പൊലീസ് പറഞ്ഞു. കൈകാലുകൾ കിണറ്റിൽ ഒഴുകി നടക്കുകയായിരുന്നു. ‘‘മൃതദേഹ ഭാഗങ്ങൾ കിട്ടിയതോടെ മോട്ടർ പമ്പ് ഉപയോഗിച്ച് കിണറ്റിലെ വെള്ളം വറ്റിച്ചു. എന്നാൽ തലഭാഗം കണ്ടെത്താനായില്ല. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലം പരിശോധിച്ചു. മുതിർന്ന ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട സ്ത്രീ ആരെന്നു കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.’’– അസംഗഡ് എസ്‌പി അനുരാഗ് ആര്യ പറഞ്ഞു.
അന്വേഷണ നടപടികളുടെ ഭാഗമായി മൃതദേഹാവശിഷ്ടങ്ങൾ മൂന്നു ദിവസം മോർച്ചറിയിൽ സൂക്ഷിക്കും. പോസ്റ്റ്മോർട്ടം അതിനുശേഷമേ ചെയ്യൂ. 20–30 വയസ്സുള്ള കാണാതായ യുവതികളെപ്പറ്റിയുള്ള റിപ്പോർട്ട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽനിന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തെക്കുറിച്ചു വ്യക്തമായ ധാരണയുള്ളയാളാണു കൊലയാളിയെന്നും എസ്.പി പറഞ്ഞു.
ചുവടുമാറ്റി വാട്സ്ആപ്; കിടിലൻ അപ്ഡേറ്റുകൾ എത്തിപ്പോയി
https://www.facebook.com/varthatrivandrumonline/videos/864057701704243