ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി കഴിഞ്ഞ ദിവസമാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനും പാർട്ടി വർക്കിംഗ് പ്രസിഡന്റുമായിരുന്ന ജയപ്രകാശ് നദ്ദയെ തിരഞ്ഞെടുത്തത്. “രാജ്യത്ത് ജനാധിപത്യം വേണം എന്ന് മുറവിളിയിടുന്ന പാർട്ടികളൊന്നും ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ പോലും തങ്ങളുടെ പാർട്ടികളിൽ നടപ്പാക്കുന്നില്ല എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്രവും വലിയ ബലഹീനത. ഇതു തന്നെയാണ് സ്ഥാനാർത്ഥി നിർണയത്തിലും ഉണ്ടാകുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധീകരിക്കാൻ പാർട്ടികളിലും അവിടത്തെ സമ്പ്രദായങ്ങളിലും അങ്ങേയറ്രത്തെ ശുദ്ധീകരണവും അഴിച്ചുപണിയും ആവശ്യമാണ്. ഈ സന്ദർഭത്തിലാണ് ബി.ജെ.പിയിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ മഹനീയത വെളിവാകുന്നത്.
ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ജഗത് പ്രകാശ് നദ്ദയെ തിരഞ്ഞെടുത്തിരിക്കുകയാണ്. പാർട്ടി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനെ തുടർന്ന് കുറച്ചുകാലം വർക്കിംഗ് പ്രസിഡന്റായ നദ്ദ ഇപ്പോൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഒരു സ്വാഭാവിക പ്രക്രിയയായി മാത്രമേ പലരും കാണുകയുള്ളു. ഒരു പാർട്ടിയുടെ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുക എന്നത് ആ പാർട്ടിയുടെ ആഭ്യന്തര കാര്യവുമാണ്.
എന്നാൽ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഇതിന് ഒരു പ്രത്യേകത ഉണ്ട്. ബി.ജെ.പി കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്. അവരുടെ അവകാശ വാദം ശരിയാണെങ്കിൽ പത്ത് കോടിയിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്രവുംവലിയ പാർട്ടിയാണത്. മറുഭാഗത്ത് പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ഉണ്ട്. സ്വാതന്ത്ര്യ സമ്പാദനം മുതൽ 1977 വരെ തുടർച്ചയായും പിന്നീട് 1980ന് ശേഷവും ഇന്ത്യയിൽ അധികാരത്തിലിരുന്ന പാർട്ടി. വി.പി സിംഗ്, ഐ.കെ. ഗുജറാൾ, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവരുടെ താരതമ്യേന ചെറിയ കാലാവധിയും എ.ബി.വാജ്പേയിയുടെ ആറുവർഷവും ഒഴിവാക്കി നിറുത്തിയാൽ കോൺഗ്രസാണ് ഇന്ത്യ ഭരിച്ചത്. 2004 മുതൽ 10 വർഷം കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് ഇന്ത്യ ഭരിച്ചിരുന്നത്.