ആറ്റിങ്ങല്‍: ലോകത്ത് ടൂറിസത്തിന് ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്ള പ്രദേശമാണ് കേരളമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ആറ്റിങ്ങല്‍ ബി.ടി.എസ്. റോഡില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ടൂറിസത്തിനാവശ്യമായ നയപരിപാടികളോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വന്‍ മുന്നേറ്റം സാധ്യമാകും. സഹകരണ മേഖലയില്‍ ടൂറിസം പ്രസ്ഥാനം വളരുന്നത് എല്ലാ രീതിയിലും നാടിന്റെ നന്മക്കും വളര്‍ച്ചക്കും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. സംഘം പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടറൈസേഷന്‍ ഉദ്ഘാടനം അഡ്വ.അടൂര്‍പ്രകാശ് എം.പി.യും, മുഖ്യപ്രഭാഷണം അഡ്വ.ബി.സത്യന്‍ എം.എല്‍.എ.യും ടൂറിസം കലണ്ടര്‍ പ്രകാശനം നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപും, സംഘം ലോഗോ പ്രകാശനം കെ.പി.സി.സി. അംഗം എം.എ.ലത്തീഫും നിര്‍വ്വഹിച്ചു. ഉന്നത വിജയം നേടിയ ഷിബു അപ്പുകുട്ടനെ ഉമ്മന്‍ചാണ്ടി മൊമന്റോ നല്‍കി ആദരിച്ചു. കെ.പി.സി.സി. മെമ്പര്‍ എന്‍.സുദര്‍ശനന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്‍, മിസലേനിയസ് സഹകരണ സംഘം സംസ്ഥാന പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങല്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.പ്രഭിത്ത്, വിജയകുമാരന്‍ എന്നിവര്‍ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറി രതീഷ് രവീന്ദ്രന്‍ സ്വാഗതവും ഭരണസമിതിയംഗം എസ്.സുമേഷ് നന്ദിയും പറഞ്ഞു.