കേരള സർക്കാരിന്റെ ഭക്ഷ്യ സുരക്ഷ പദ്ധതിയായ സുഭിക്ഷയുടെ ഭാഗമായി അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ‘കരുതലായി കപ്പ”എന്ന പദ്ധതി നടപ്പിലാക്കാൻ വാർഡ് സഭ തീരുമാനിച്ചു. ആറാം വാർഡിലെ മുഴുവൻ വീടുകളിലും കുടുംബശ്രീ അംഗങ്ങളുടെ സഹായത്തോടെ കപ്പ നട്ടു പിടിപ്പിക്കൽ പദ്ധതിക്കാണ് രൂപം നൽകിയിട്ടുള്ളത്. കൂടാതെ ഇടവിള കൃഷി കളായ ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയും പച്ചക്കറിയും കൃഷി ചെയ്യും. ആദ്യ ഘട്ടത്തിൽ കുടുംബശ്രീ അംഗങ്ങളുടെ വീടുകളിൽ ആണ് പദ്ധതി ആരംഭിക്കുന്നത്. വാർഡിൽ 22 കുടുംബ ശ്രീ യൂണിറ്റുകളും, നൂറ്റിഅൻപതോളം തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികളും ഉണ്ട്. വാർഡിലെ കർഷകരും കുടംബശ്രീ യൂണിറ്റുകളുടെ സെക്രട്ടറിമാരും തൊഴിലുറപ്പ് ഗ്രുപ്പുകളുടെ കൺവീനറും യോഗത്തിൽ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര യോഗം ഉദ്ഘാടനം ചെയ്തു. എൽ സ്കന്ദകുമാർ,ആർ. ശ്രീബുദ്ധൻ, എം. മിഥുൻ, എൽ. ഗീതാകുമാരി എന്നിവർ പങ്കെടുത്തു.