ശ്രീനഗർ: ജമ്മു കാശ്മീരിലെ മഷിൽ സെക്ടറിൽ തിങ്കളാഴ്ച ഉണ്ടായ മഞ്ഞിടിച്ചിലിൽ മൂന്ന് സൈനികർ മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തു. ഒരു സൈനികൻ പരിക്കുകളോടെ ആശുപത്രിയിലാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സൈനിക പോസ്റ്റിൽ മഞ്ഞിടിച്ചിൽ ഉണ്ടായത്.
വടക്കൻ കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഉണ്ടായ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഒന്നിലധികം സ്ഥലങ്ങളിൽ മഞ്ഞിടിച്ചിലിൽ ഉണ്ടായിട്ടുണ്ട്.ഗണ്ടർബാൽ ജില്ലയിലെ സോൺമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒമ്പത് പേർ അപകടത്തിൽപ്പെട്ടു. അഞ്ച് ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് ശേഷം നാല് പേരെ സുരക്ഷിത സ്ഥാനത്തെത്തിച്ചെന്നും അധികൃതർ വ്യക്തമാക്കി.