കൊല്ലം: ജില്ലയിലെ കല്യാണ മണ്ഡപങ്ങളിലും മറ്റും 50ലധികം പേർ ഒത്തുചേരരുതെന്ന് ജില്ല കലക്ടർ ബി. അബ്ദുൽനാസർ. കൊറോണ വ്യാപനം തടയുന്നതിൻെറ ഭാഗമായാണ് ഈ നിയന്ത്രണം. ഇത് ലംഘിച്ചാൽ ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ ജില്ല പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.
ഓഡിറ്റോറിയങ്ങൾ ,കല്യാണ മണ്ഡപങ്ങൾ, കൺവെൻഷൻ സെൻറ്ററുകൾ ,കമ്മ്യൂണിറ്റി ഹാളുകൾ എന്നിവയിൽ ഒരുമിച്ച് കൂടാവുന്ന പരമാവധി ആളുകളുടെ എണ്ണം 50 ആയി നിജപ്പെടുത്തിയാണ് ഉത്തരവിട്ടത്. വിവാഹം, ഉത്സവം പോലെയുള്ള ചടങ്ങുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ച് വലിയതോതിൽ ആൾക്കൂട്ടങ്ങൾ രൂപപ്പെടുന്നതായി ജില്ല ഭരണകൂടത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു. പൗരബോധമില്ലാത്ത ഇത്തരം പ്രവർത്തികൾ കോവിഡ് 19 ൻറെ വ്യാപനത്തിനും അതുവഴി ജനങ്ങളുടെ ജീവഹാനിക്കും ഇടയാക്കുമെന്ന സാഹചര്യത്തിലാണ് നടപടിയെന്ന് കലക്ടർ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിലെ വൈദ്യുതി ബന്ധവും ജലവിതരണവും ജില്ലാ പോലീസ് മേധാവിമാർ ആവശ്യപ്പെട്ടാൽ വിച്ഛേദിക്കും. ഇതിന് അതത് വകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകി. ലംഘനം തുടർന്നാൽ പ്രവർത്തന ലൈസൻസ് റദ്ദ് ചെയ്യുന്നതിനും പൂട്ടി സീൽ വെക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ഉത്സവങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചുള്ള വിശ്വാസപരമായ ആചാര ചടങ്ങുകൾ അത്യാവശ്യമായ വ്യക്തികളെ മാത്രം ഉൾപ്പെടുത്തി നടത്തണം. ഘോഷയാത്ര, കൂട്ടപ്രാർത്ഥന, മരണാനന്തര ചടങ്ങുകൾ എന്നിവയിലും ഇതേ നടപടിക്രമം പാലിക്കണം. പരിധിവിട്ട് ആൾക്കാർ പങ്കെടുത്താൽ പിരിച്ചുവിടുവാൻ പോലീസ്, ആരോഗ്യവകുപ്പുകൾക്ക് നടപടി സ്വീകരിക്കാം. അത്യാവശ്യങ്ങൾക്കല്ലാതെ കൂട്ടംകൂടി നിൽക്കുന്ന ആളുകളെ പിരിച്ചുവിടാൻ പൊലീസ്, ആരോഗ്യ വകുപ്പ്, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കും അധികാരം നൽകിയിട്ടുണ്ട്. ദുരന്ത നിവാരണ നിയമപ്രകാരം പുറത്തിറക്കിയ ഈ ഉത്തരവിന് മാർച്ച് 31 വരെ പ്രാബല്യമുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.