യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കേരളാ ബാങ്ക് പിരിച്ചു വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സഹകാരി മഹാസംഗമം ടാഗോർ തിയേറ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്കിന്റെ ഭാഗമാകാൻ തയ്യാറാകാതിരുന്ന മലപ്പുറം ജില്ലാബാങ്കിന് യു.ഡി.എഫ് പൂർണ പിന്തുണ നൽകും. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥരെ ഫോണിൽ വിളിച്ച് വിരട്ടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സഹകരണ മേഖലയെ തകർത്താണ് കേരള ബാങ്ക് രൂപീകരണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാന സർക്കാരിന് സ്വന്തം ബാങ്ക് വേണമെങ്കിൽ ആർ.ബി.ഐയുടെ അനുമതിയോടെ തുടങ്ങാം. അതിന് ലഭിക്കുന്ന സ്വീകാര്യതയിൽ സംശയമുള്ളതു കൊണ്ടാണ് സഹകരണ ബാങ്കുകളെ തകർത്ത് കേരളാ ബാങ്ക് രൂപീകരിക്കുന്നത്. സഹകരണ ബാങ്കുകളിൽ ഇല്ലാത്ത ലാഭം കാണിച്ച് ലയനത്തിനുള്ള സാഹചര്യം സൃഷ്ടിച്ചത് ആർ.ബി.ഐ അന്വേഷിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
സർക്കാരിന്റെ ചെലവുകൾ പോലും നടത്തിക്കൊണ്ടു പോകാൻ പ്രയാസമുള്ളപ്പോഴാണ് സഹകരണ ബാങ്കുകളെ കറവപ്പശുവാക്കി കേരളാ ബാങ്ക് രൂപീകരിക്കുന്നതെന്ന് മുസ്ളിം ലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി. ജോൺ, ശരത് ചന്ദ്രപ്രസാദ്, തമ്പാനൂർ രവി, ഫോർവേർഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സംസാരിച്ചു.