തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കനിവ് 108 ആംബുലൻസുകളും. ഒൻപത് ജില്ലകളിലായി 43 ആംബുലൻസുകളും 86 ജീവനക്കാരെയുമാണ് കനിവ് 108 ആംബുലൻസ് നടത്തിപ്പ് ചുമതലയുള്ള ജി.വി.കെ ഈ.എം.ആർ.ഐ വിന്യസിച്ചിരിക്കുന്നത്. രോഗലക്ഷണം ഉള്ളവരെയും, രോഗ ബാധിത മേഖലകളിൽ നിന്ന് എത്തുന്നവരെയും ഐസോലേഷൻ വാർഡുകളിലേക്കും ഹോം ഐസലേഷനിലേക്കും മാറ്റുന്നതിനാണ് വിവിധ ജില്ലകളിൽ 108 ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. ജനുവരി 29 മുതൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ടു 108 ആംബുലൻസുകളുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. കൊല്ലം 3, എറണാകുളം 16, തൃശൂർ 6, പാലക്കാട് 4, മലപ്പുറം 4, കോഴിക്കോട് 3, കണ്ണൂർ 3, കാസർഗോഡ് 2 എന്നിങ്ങനെയാണ് ആംബുലൻസുകൾ വിന്യസിച്ചിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ നെടുമ്പാശ്ശേരി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലും 108 ആംബുലൻസുകൾ സജ്ജമാണ്. ഓരോ ട്രിപ്പിന് ശേഷവും ആംബുലൻസുകൾ അണുവിമുതമാക്കിയ ശേഷമാണ് വീണ്ടും ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവനകാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ജീവനകാർക്ക് ധരിക്കാനുള്ള സുരക്ഷാ മാസ്‌ക്, കണ്ണട, കൈയുറകൾ, പുറം വസ്ത്രം ഉൾപ്പെടുന്ന പി.പി.ഈകൾ ജില്ലാ മെഡിക്കൽ ഓഫീസുകളുടെ നേതൃത്വത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലാണ് ആംബുലൻസുകൾ വിന്യസിച്ചിട്ടുള്ളത്. തിരുവനന്തപുരം ടെക്‌നോപാർക്കിൽ പ്രവർത്തിക്കുന്ന കനിവ് 108 ആംബുലൻസ് കണ്ട്രോൾ റൂമിലെ ജീവനക്കാരും 24 മണിക്കൂറും ജാഗരൂകരാണ്. കണ്ട്രോൾ റൂമിലേക്ക് എത്തുന്ന വിളികളിൽ വിളിക്കുന്നയാൾ നൽകുന്ന വിവരങ്ങളിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളതായി തോന്നുകയാണെങ്കിൽ അത് ഉടൻ തന്നെ അതാത് ജില്ലകളിലെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാനും അത്തരത്തിൽ വരുന്ന വിളികൾക്ക് കോവിഡ് 19 പ്രവർത്തനങ്ങൾക്കായി മാറ്റിയിട്ടിരിക്കുന്ന 108 ആംബുലൻസുകൾ അയച്ചു നൽകാനും വേണ്ട തരത്തിലാണ് പ്രവർത്തനം സജ്ജമാക്കിയിട്ടുള്ളത്. ആംബുലൻസ് പൈലറ്റ്, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ എന്നിവരാണ് ഓരോ ആംബുലൻസിലുമുള്ളത്. ഇതുവരെ സംസ്ഥാനത്തുടനീളം 250 പേരെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 108 ആംബുലൻസുകളുടെ സഹായത്തോടെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.