324 പേരുമായി വുഹാനിൽ നിന്ന് ഇന്ത്യൻ വിമാനം ഡൽഹിയിൽ തിരിച്ചെത്തി, 42 മലയാളികൾ.

0
244

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

ഇന്നലെ അര്‍ദ്ധരാത്രിക്കുശേഷമാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനില്‍നിന്ന് പുറപ്പെട്ടത്. മടങ്ങിയെത്തുന്ന വിദ്യാര്‍ഥികളെ മനേസറിലെ സൈനിക ക്യാംപിലേക്കും കുടുംബങ്ങളെ ഐടിബിപി ക്യാംപിലേക്കും മാറ്റും. സൈന്യത്തിന്റെ സഹായത്തോടെയാണ് ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നത്.കൂടുതല്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള രണ്ടാമത്തെ വിമാനവും ഇന്ന് വുഹാനിലേക്ക് പുറപ്പെടും. ഒറ്റ റൂമിനുള്ളില്‍ നിരവധിപേരെ ഒന്നിച്ച് താമസിപ്പിക്കാനുള്ള നീക്കത്തിനെതിരെ വുഹാനില്‍നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.