ജാമിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത ഗോപാൽ ശർമയെ 14 ദിവസം ബാലനീതി ബോർഡിന്റെ കരുതൽ തടങ്കലിൽവിട്ടു. വധശ്രമത്തിനും ആയുധ നിയമപ്രകാരവും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തി ആയിട്ടില്ലെന്ന സംശയം മൂലം പ്രായം കണ്ടെത്താനായി ബോൺ ഓസിഫക്കേഷൻ പരിശോധന നടത്താൻ പൊലീസ് അനുമതി തേടി. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ആർ.എം.എൽ. ആശുപത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെടിവച്ചതിൽ പശ്ചാത്താപമില്ലെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയ, ടെലിവിഷൻ വാർത്തകൾ, വാട്‌സ്ആപ്പ് വീഡിയോകൾ എന്നിവ കണ്ടാണ് ഇയാൾ തീവ്രവാദവത്കരിക്കപ്പെട്ടത്. കാസ്ഗഞ്ചിൽ സംഘർഷത്തിൽ കൊല്ലപ്പെട്ട ചന്ദൻ ഗുപ്തയ്ക്കായി പ്രതികാരം ചെയ്യാനാണ് ഇയാൾ ഇറങ്ങിത്തിരിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഷഹീൻബാഗിലെ പ്രതിഷേധക്കാരെ ലക്ഷ്യം വച്ചാണ് ഉത്തർപ്രദേശിലെ ജേവാറിൽ നിന്ന് തോക്കുമായി ഇയാൾ ഡൽഹിയിൽ വന്നത്. സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടിറങ്ങിയത്. ‘ഷഹീൻബാഗിലെ കളി അവസാനിപ്പിക്കും’ എന്ന് ഫേസ്ബുക്കിലൂടെ ഇയാൾ പ്രഖ്യാപിച്ചിരുന്നു. ഷഹീൻബാഗിലേക്ക് വിളിച്ച ആട്ടോക്കാരൻ ഗതാഗതക്കുരുക്ക് കാരണം ഇയാളെജാമിയയിൽ ഇറക്കി. ഇവിടെ നിന്ന് ഷഹീൻബാഗിലേക്ക് നടന്നുപോകാൻ തീരുമാനിച്ചെങ്കിലും ജാമിയയിൽ പ്രതിഷേധത്തിനുള്ള ഒരുക്കം കണ്ട് കാത്തുനിന്നു ആക്രമിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വിദ്യാർത്ഥിയുടെ സി.ബി.എസ്.ഇ സർട്ടിഫിക്കറ്റ് യഥാർത്ഥമാണെന്ന് ഇയാൾ പഠിക്കുന്ന ജേവാറിലെ സ്‌കൂളിന്റെ മാനേജർ നരേന്ദ്ര ശർമ പറഞ്ഞു.