തായ്‍ലൻഡിൽ പണമിടപാടിനെ ചൊല്ലി ക്ഷുഭിതനായ സൈനികൻ ഫേസ്ബുക്ക് ലൈവ് ഓണാക്കി വിവിധ സ്ഥലങ്ങളിലായി 27 പേരെ വെടിവച്ചു കൊന്നു. 57 പേർക്ക് പരിക്കേറ്റു.
ബാങ്കോക്കിന് 250 കിലോമീറ്റർ വടക്കുകിഴക്കുള്ള നഖോൻ രാച്ചാസിമ നഗരത്തിൽ ശനിയാഴ്ച വൈകിട്ട് ആരംഭിച്ച വെടിവയ്പ് ഞായറാഴ്ച രാവിലെയാണ് അവസാനിച്ചത്. ഒടുവിൽ ഒരു മാളിൽ കയറി ആളുകളെ വെടിവച്ചിട്ട ഇയാൾ തായ് സൈന്യത്തിന്റെ ഷാർപ്പ് ഷൂട്ടർമാർ വെടി വച്ചു കൊന്നു.പതിനാറ് മണിക്കൂറാണ് കൊലയാളി അഴിഞ്ഞാടിയത്.
തായ്‍ സൈന്യത്തിൽ ജൂനിയർ ഓഫീസറായ സെർജന്റ് മേജർ ജക്രഫന്ത് തോമ്മ (32)യാണ് കൂട്ടക്കൊല നടത്തിയത്. ആദ്യം സൈനിക ക്യാമ്പിൽ തന്റെ കമാൻഡിംഗ് ഓഫീസറെയും മറ്റ് രണ്ട് സൈനികരെയും വെടിവച്ച് കൊന്നശേഷം പുറത്ത് ചാടി, നഗരത്തിൽ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പിന്റെ ദൃശ്യങ്ങൾ ഇയാൾ ഫേസ്ബുക്കിലൂടെ ലൈവ് ചെയ്തത് ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കി.
സൈനിക ക്യാമ്പിൽ നിന്ന് മോഷ്ടിച്ച തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. മോഷ്ടിച്ച സൈനിക വാഹനത്തിൽ നഗരത്തിലെത്തിയ ഇയാൾ ബുദ്ധക്ഷേത്രത്തിലും സമീപത്തുണ്ടായിരുന്ന ഷോപ്പിംഗ് മാളിലും വെടിവയ്‌ക്കുകയായിരുന്നു. ഷോപ്പിംഗ് മാളിലെ നൂറുകണക്കിനാളുകളെ പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു