മുഖ്യ പലിശനിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറായില്ലെങ്കിലും വായ്‌പാ പലിശ നിർണയത്തിന്റെ അടിസ്ഥാന നിരക്കുകൾ എസ്.ബി.ഐ അടക്കം പ്രമുഖ പൊതുമേഖലാ ബാങ്കുകൾ താഴ്‌ത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ ഫെബ്രുവരി 10ന് പ്രാബല്യത്തിൽ വരുന്ന വിധം, വായ്‌പാപലിശയുടെ അടിസ്ഥാന നിരക്കായ മാർജിനൽ കോസ്‌റ്ര് ഒഫ് ഫണ്ട്‌സ് ബേസ്ഡ് ലെൻഡിംഗ് റേറ്ര് (എം.സി.എൽ.ആർ) 0.05 ശതമാനം കുറച്ചു.
നടപ്പു സാമ്പത്തിക വർഷം (2019-20) തുടർച്ചയായ ഒമ്പതാം തവണയാണ് എസ്.ബി.ഐ പലിശ കുറയ്ക്കുന്നത്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് എസ്.ബി.ഐയുടേത്. ഒരുവർഷ കാലാവധിയുള്ള വായ്‌പയുടെ എം.സി.എൽ.ആർ 7.90 ശതമാനത്തിൽ നിന്ന് 7.85 ശതമാനമായി കുറയും. ബാങ്ക് ഒഫ് ഇന്ത്യ ആറുമാസം വരെ കാലാവധിയുള്ള വിവിധ വായ്‌പകളുടെ എം.സി.എൽ.ആർ 0.10 ശതമാനം കുറച്ചു. ഭവന വായ്‌പകളുടെ പലിശനിരക്ക് എട്ട് ശതമാനത്തിലേക്കും താഴ്‌ത്തി.
ഒരുവർഷ കാലാവധിയുള്ള വായ്‌പകളുടെ എം.സി.എൽ.ആർ 8.15 ശതമാനത്തിൽ നിലനിറുത്തിയ ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്‌സ്, ഓവർനൈറ്ര്, ഒരുമാസം കാലാവധികളുള്ള വായ്‌പകളുടെ എം.സി.എൽ.ആറിൽ യഥാക്രമം 0.05 ശതമാനം, 0.10 ശതമാനം എന്നിങ്ങനെ കുറച്ചു. കനറാ ബാങ്ക് എല്ലാവിഭാഗം വായ്‌പകളുടെയും എം.സി.എൽ.ആർ കുറച്ചിട്ടുണ്ട്. ഫെബ്രുവരി ഏഴിന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.
ഓവർനൈറ്റ് വായ്‌പയുടെ എം.സി.എൽ.ആറിൽ 0.25 ശതമാനവും ഒരുവർഷ വായ്‌പയുടെ എം.സി.എൽ.ആറിൽ 0.15 ശതമാനവും കുറവുണ്ട്. ഒരുവർഷ വായ്‌പയുടെ എം.സി.എൽ.ആർ 8.20 ശതമാനമാണ്.