മഹാധമനിയിലെ വീക്കം ചികിത്സിക്കാന്‍ സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര

മഹാധമനിയുടെ (Aorta) നെഞ്ചിലൂടെ കടന്നുപോകുന്ന ഭാഗത്തുണ്ടാകുന്ന വീക്കം ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയില്‍ സ്ഥാപിക്കാന്‍ സഹായിക്കുന്ന വിക്ഷേപണ സംവിധാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജിയിലെ ഗവേഷകര്‍. നിലവില്‍ ധമനിവീക്കം ചികത്സിക്കുന്നത് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്റ്റെന്റ് ഗ്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ശ്രീചിത്രയുടെ ബയോമെഡിക്കല്‍ ടെക്നോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ടെക്നിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ ഡിവൈസിന്റെ പിന്തുണയോടെയാണ് സ്റ്റെന്റ് ഗ്രാഫ്റ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.പോളിസ്റ്റര്‍ തുണി, നിക്കല്‍- ടൈറ്റാനിയം ലോഹസങ്കരം എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന സ്റ്റെന്റ് ഗ്രാഫ്റ്റ് ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അസമാനമായ (Asymmetric) രീതിയിലുള്ള രൂപകല്‍പ്പന തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഈ രൂപകല്‍പ്പന സ്റ്റെന്റ് ഗ്രാഫ്റ്റ് ചുരുങ്ങിപ്പോകാതെ സംരക്ഷിക്കുന്നതിനൊപ്പം (Radial Strength) കൃത്യസ്ഥാനത്ത് ഉറച്ചിരിക്കാനും സഹായിക്കുന്നു. സ്റ്റെന്റ് ഗ്രാഫ്റ്റിനും ധമനിയുടെ ഭിത്തിക്കും ഇടയിലൂടെ വീക്കമുള്ള ഭാഗത്തേക്ക് രക്തം കടക്കുന്നത് ചികിത്സയില്‍ ഡോക്ടര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലും രൂപകല്‍പ്പനയില്‍ സ്വീകരിച്ചിട്ടുണ്ട്. ധമനിയില്‍ ശരിയായ സ്ഥലത്ത് സ്ഥാപിക്കുന്നതിനുള്ള ടിപ് ക്യാപ്ചര്‍ സംവിധാനമാണ് സ്റ്റെന്റ് ഗ്രാഫ്റ്റിന്റെ മറ്റൊരു പ്രത്യേകത. ഈ സാങ്കേതികവിദ്യ വൈദ്യശാസ്ത്ര ഉപകരണ കമ്പനിക്ക് ഉടന്‍ കൈമാറും.
സ്റ്റെന്റ് ഗ്രാഫ്റ്റിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട് ആറ് പേറ്റന്റ് അപേക്ഷകളും അഞ്ച് ഡിസൈന്‍ രജിസ്ട്രേഷനുകളും സമര്‍പ്പിച്ചിട്ടുണ്ട്.

ഡോ. സുജേഷ് ശ്രീധരന്‍ (എന്‍ജിനീയര്‍ എഫ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്), ഡോ. ജയദേവന്‍ ഇ ആര്‍ (അഡീഷണല്‍ പ്രൊഫസര്‍, ഇമേജിംഗ് സയന്‍സസ് & ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി), കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗത്തില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ ഡോ. ഉണ്ണികൃഷ്ണന്‍ എം, ശ്രീ. മുരളീധരന്‍ സി.വി (സയന്റിസ്റ്റ് ജി- സീനിയര്‍ ഗ്രേഡ്, ഡിവിഷന്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റേണല്‍ ഓര്‍ഗന്‍സ്, ബിഎംടി വിങ്) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് സ്റ്റെന്റ് ഗ്രാഫ്റ്റും വിക്ഷേപണ സംവിധാനവും വികസിപ്പിച്ചെടുത്തിരിക്കുന്നത്. സ്റ്റെന്റ് ഗ്രാഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന നിക്കല്‍- ടൈറ്റാനിയം ലോഹസങ്കരം നിര്‍മ്മിച്ചിരിക്കുന്നത് ബംഗളൂരുവിലെ നാഷണല്‍ എയ്റോസ്പെയ്സ് ലബോറട്ടറീസ് (CSIRNAL) ആണ്.
അറുപത് വയസ്സ് പിന്നിട്ടവരില്‍ 5 ശതമാനം പേരില്‍ കണ്ടുവരുന്ന രോഗാവസ്ഥയാണ് നെഞ്ചിന്റെ ഭാഗത്തുള്ള മഹാധമനിയിലെ വീക്കം. ഇതില്‍ വിള്ളലുകള്‍ ഉണ്ടായാല്‍ മരണം വരെ സംഭവിക്കാവുന്നതാണ്. ഇന്ത്യയില്‍ ഒരുലക്ഷം ആളുകളില്‍ 5-10 പേര്‍ക്ക് ധമനിവീക്കം ഉണ്ടാകുന്നതായാണ് കണക്കുകള്‍. പലപ്പോഴും കാര്യമായ രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ലെന്നത് ധമനിവീക്കത്തിന്റെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. നെഞ്ചുവേദന, നടുവേദന, കിതപ്പ്, ആഹാരം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് മഹാധമനി വീക്കത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

ധനമിവീക്കത്തിന്റെ പ്രധാന കാരണങ്ങള്‍ പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ നില, പ്രായം, ധമനികളുടെ കട്ടി കൂടുക (അതെറോസ്‌ക്ലിറോസിസ്), പ്രമേഹം, പാരമ്പര്യം എന്നിവയാണ്. ശസ്ത്രക്രിയയോ ധമനിയില്‍ വീക്കമുള്ള ഭാഗത്ത് സ്റ്റെന്റ് ഗ്രാഫ്റ്റ് സ്ഥാപിച്ച് നടത്തുന്ന എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക് റിപ്പയറോ ആണ് ഇതിനുള്ള പ്രധാന ചികിത്സകള്‍. ശസ്ത്രക്രിയയില്‍ അപകട സാധ്യത കൂടുതലാണ്. മാത്രമല്ല താരതമ്യേന ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിയേണ്ടിയും വരും. അതിനാല്‍ എന്‍ഡോവാസ്‌കുലാര്‍ അയോട്ടിക് റിപ്പയര്‍ ചികിത്സയ്ക്കാണ് ഡോക്ടര്‍മാര്‍ പ്രാമുഖ്യം നല്‍കുന്നത്. ഇപ്പോള്‍ ചികിത്സയ്ക്ക് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിദേശ നിര്‍മ്മിത സ്റ്റെന്റുകളുടെ ഏറ്റവും കുറഞ്ഞ വില 3.5 ലക്ഷം രൂപയാണ്. ഇതുമൂലം സാധാരണക്കാര്‍ക്ക് ചികിത്സ താങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. ശ്രീചിത്ര വികസിപ്പിച്ചെടുത്ത സ്റ്റെന്റ് ഗ്രാഫ്റ്റും ഇത് ധമനിയില്‍ സ്ഥാപിക്കുന്നതിനുള്ള സംവിധാനവും വിപണിയില്‍ എത്തുന്നതോടെ ഈ സാഹചര്യത്തിന് വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Latest

പിരപ്പമൺകാട് പാടശേഖരത്തിൽ ഡ്രോൺ വളപ്രയോഗം

ഡ്രോൺ വളപ്രയോഗം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നന്ദു രാജ്...

തദ്ദേശഭരണ ഉപതിരഞ്ഞെടുപ്പ് : ജൂലൈ 30ന് പ്രാദേശിക അവധി

അരുവിക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡിലും, വെള്ളനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ഒഴികെ...

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി.

കർക്കടക വാവുബലിയോടനുബന്ധിച്ച് ഓഗസ്‌റ്റ് രണ്ട് രാത്രി 12 മുതൽ ഓഗസ്‌റ്റ് മൂന്ന്...

മൂന്ന് കിലോ കഞ്ചാവുമായി നാവായിക്കുളം സ്വദേശി അറസ്റ്റിൽ.

വർക്കല എക്‌സൈസ് ഇൻസ്‌പെക്ടർ വി. സജീവും സഹപ്രവർത്തകരും ചേർന്ന് ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!