സൂപ്പർസ്റ്റാർ രജനീകാന്ത് അധികം വൈകാതെ തന്നെ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെ അതേക്കുറിച്ച് സൂചന നൽകി അദ്ദേഹത്തിന്റെ വിശ്വസ്തൻ കരാട്ടെ ത്യാഗരാജൻ. രജനീകാന്ത് ഈ വർഷം മേയിലോ ജൂണിലോ ആകും തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയെന്നാണ് ഒരു വാർത്താ ഏജൻസിയോട് ത്യാഗരാജൻ പറഞ്ഞത്. ബി.ജെ.പിയെയും ഡി.എം.കെ യെയും തള്ളിക്കൊണ്ട്, രജനീകാന്ത് ഹിന്ദു ധർമ്മത്തിലാണ് വിശ്വസിക്കുന്നതെന്നും ഹിന്ദുത്വത്തിലല്ലെന്നും ത്യാഗരാജൻ പറഞ്ഞു.
ഡി.എം.കെ തലവനായ എം.കെ സ്റ്റാലിൻ രജനിയെ നേരിടാനായി വേണ്ടവണ്ണം ഗൃഹപാഠം ചെയ്തിട്ടില്ലെന്നും അദ്ദേഹം ഈയിടെയായി കൂടുതലും രജനീകാന്തിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും രജനീകാന്തിന്റെ വാക്കുകൾ വാർത്തകളുടെ തലകെട്ടുകളായി മാറുകയാണെന്നും ത്യാഗരാജൻ അഭിപ്രായപ്പെട്ടു. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എ.ഐ.ഡി.എം.കെ നേതാവ് എടപ്പാടി പളനിസ്വാമിയോട് തോറ്റത്തിൽ സ്റ്റാലിന് ഇപ്പോഴും വിഷമം ഉണ്ടെന്നും അതിനാലാണ് അദ്ദേഹം എപ്പോഴും രജനീകാന്തിന് എതിരായി സംസാരിക്കുന്നതെന്നും ത്യാഗരാജൻ പരിഹസിച്ചു.
പരാജയമേറ്റതിനാലാണ് 90 ശതമാനം ഹിന്ദുക്കളും തനിക്കൊപ്പമാണെന്ന് അദ്ദേഹം പറയുന്നതെന്നും ത്യാഗരാജൻ പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഡി.എംകെയും രജനിയും തമ്മിലെ നേരിട്ടുള്ള ഏറ്റുമുട്ടലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രജനികാന്ത് ഏപ്രിലോടെ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന, സൂപ്പർസ്റ്റാറിന്റെ മറ്റൊരു കൂട്ടാളിയായ തമിഴരുവി മണിയന്റെ പ്രസ്താവനക്ക് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് ത്യാഗരാജൻ ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത്