കൊറോണ വൈറസ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനിയുടെ ഏറ്റവും ഒടുവിലത്തെ പരിശോധനാ ഫലം നെഗറ്റീവായി. അടുത്ത ഫലം കൂടി നെഗറ്റീവ് ആയാൽ തുടർനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും. എട്ടിന് ഒരു സാമ്പിൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ആശങ്ക ഇല്ലെങ്കിലും ജാഗ്രത തുടരും വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനം നടന്നുവരികയാണെന്ന് മന്ത്രി എ.സി മൊയ്തീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രോഗലക്ഷണങ്ങളോടെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു. നിലവിൽ ജില്ലയിൽ ഏഴ് പേർ ആശുപത്രികളിൽ കഴിയുന്നു. ഇതിൽ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ട് പേർ ചാലക്കുടിയിലും ഒരാൾ കൊടുങ്ങല്ലൂരിലും ഒരാൾ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ്. 248 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഞായറാഴ്ച പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകൾ അയച്ചിട്ടുണ്ട്. 57 പേരുടേതായി 83 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. അതിൽ 75 സാമ്പിളുകളുടെയും പരിശോധനാ ഫലം ലഭിച്ചു. നിലവിൽ ആലപ്പുഴയിലേക്കാണ് സാമ്പിളുകൾ അയയ്ക്കുന്നത്. സാമ്പിളുകളിൽ പുതിയ പോസിറ്റീവ് ഫലം ഒന്നുമില്ല