കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ അച്ഛനും രണ്ടുമക്കളും മുങ്ങിമരിച്ചു. നാഗർകോവിലിനുസമീപം ആൾവാർ കോവിൽ കരിയമാണിക്യപുരം സ്ട്രീറ്റിൽ സെൽവരാജ് (49), മക്കളായ സുന്ദർ എസ്. രാജ് (22), സൗന്ദർ എസ്. രാജ് (17) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.ഞായറാഴ്ച രാവിലെ കടയ്ക്കൽ ആൽത്തറമൂട്ടിൽ ക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെത്തിയ ഇവർ വൈകിട്ട് ക്ഷേത്ര ദർശനത്തിനായി പോകുന്നതിനിടെയാണ് ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്.സെൽവരാജിന്റ ഭാര്യ സുബ്ബലക്ഷ്മി കുളത്തിന്റെ പടിഞ്ഞാറേ കടവിൽ മീനിന് തീറ്റി കൊടുക്കുമ്പോഴാണ് കിഴക്കേ കടവിൽ മൂവരും കുളിക്കാനിറങ്ങിയത്. ഇതിനിടെയായിരുന്നു അപകടം. സുബ്ബലക്ഷ്മിയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാരും കടയ്ക്കലിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ചെളിയിൽ പുതഞ്ഞുപോയ ഇവരെ പണിപ്പെട്ട് കരയ്ക്കെത്തിക്കുകയായിരുന്നു.കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മൂവരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ.