തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ തമിഴ്നാട്ടിലും അങ്ങാടിപ്പാട്ടായി. ഏതാനും മാസങ്ങളായി ചികിത്സ സംബന്ധിച്ചുള്ള അന്വേഷണങ്ങളുമായി നിരവധി ഫോണ്‍കോളുകളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ചുരുങ്ങിയ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നായതോടെയാണ് തദ്ദേശീയര്‍ക്കൊപ്പം മറ്റുള്ളവരും ഇവിടത്തെ ചികിത്സയ്ക്ക് ആഗ്രഹം പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ഇവിടെയെത്തി ചികിത്സ കഴിഞ്ഞ് മടങ്ങിയവരില്‍ നിന്നാണ് മിക്കവരും മെഡിക്കല്‍ കോളേജിന്‍റെ മേന്മയെക്കുറിച്ച് അറിയുന്നത്. അത്യാഹിതവിഭാഗത്തിലും ഒപി കൗണ്ടറുകളിലുമെല്ലാം നിരവധി ആള്‍ക്കാരാണ് തമിഴ്നാട്ടില്‍ നിന്നും വിളിക്കുന്നത്. കേരളത്തിനു പുറത്തുള്ളവര്‍ക്കും ഇവിടെ വന്നാല്‍ ചികിത്സ ലഭിക്കുമോയെന്നും ചികിത്സാച്ചെലവിനെക്കുറിച്ചും ഇവിടെ നടക്കുന്ന അത്യന്താധുനിക ചികിത്സാരീതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് അവര്‍ക്ക് അറിയേണ്ടത്. അയല്‍ സംസ്ഥാനത്തുനിന്നുമുള്ള നിരന്തരമായ ഫോണ്‍വിളികള്‍ ജീവനക്കാരിലും അത്ഭുതമുളവാക്കിയിട്ടുണ്ട്. ഓരോഫോണ്‍കോളിനും തൃപ്തികരമായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ ചികിത്സയ്ക്കെത്തുന്നുമുണ്ട്.
ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന രോഗീ സൗഹൃദ ആശുപത്രി സംരംഭമായ ആര്‍ദ്രം ദൗത്യം, ഇ ഹെല്‍ത്ത് പദ്ധതി എന്നിവയുടെയും മറ്റ് വികസനപ്രവര്‍ത്തനങ്ങളുടെയും ഗുണഫലങ്ങളാണ് സംസ്ഥാനത്തിനു പുറത്തുള്ള രോഗികള്‍ക്കുപോലും പ്രയോജനപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളും വിജയത്തിലെത്തുന്നുവെന്നതിന്‍റെ തെളിവുകൂടിയാണിത്. ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ നേതൃത്വത്തില്‍ ഈ അഭിമാനപദ്ധതികള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി, ഡി എം ഇ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരെല്ലാം ആത്മാര്‍ത്ഥമായ പരിശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിലെ 1.17 കോടി രൂപയുടെ വെന്‍റിലേറ്ററുകള്‍, ഒരുവര്‍ഷം 1250 സര്‍ജറികള്‍ നടക്കുന്ന ന്യൂറോസര്‍ജറി വിഭാഗത്തിനായി ഡിബ്രൈഡര്‍, ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്, ഇലക്ട്രോ സര്‍ജിക്കല്‍ യൂണിറ്റ് എന്നിവയും 5.5 കോടി രൂപയുടെ കാത്ത് ലാബ് എന്നിവ ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി നടക്കുന്ന വന്‍ വികസനപദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ ലോകോത്തര നിലവാരത്തിലെത്തുന്ന ആശുപത്രിയുടെ കീര്‍ത്തി ഇനിയും വ്യാപിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ