രണ്ടര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാക്കൾ എക്‌സൈസിന്റെ പിടിയിലായി. അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്ക് മാർഗം കഞ്ചാവ് കടത്തിയ തൃശൂർ പള്ളിമൂല സ്വദേശി വിഷ്ണു, കോലഴി സ്വദേശി കൃഷ്ണമൂർത്തി എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു കാര്യമാണ് കൗതുകകരം. വിതരണക്കാരായ പ്രതികളുടെ ഫോണുകളിലേക്ക് നിരന്തരം കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ട് വിളിച്ചത് വിദ്യാർത്ഥിനികളാണെന്നതാണ് അത്. കഞ്ചാവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇവരുടെ നിർത്താതെയുള്ള വിളി കാരണം എക്‌സൈസ് ഉദ്യോഗസ്ഥർ പോലും അത്ഭുതപ്പെട്ടു പോകുകയാണ് ഉണ്ടായത്.
ഇതാദ്യമായാണ് പെൺകുട്ടികൾ നേരിട്ട് കഞ്ചാവിന്റെ വിതരണക്കാരെ വിളിക്കുന്നത് തങ്ങൾ കാണുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും സമ്മതിച്ചു. എന്നിരുന്നാലും ഇവരുടെയെല്ലാം കോളുകൾ ഉദ്യോഗസ്ഥർ അറ്റൻഡ് ചെയ്യുകയും, ഫോൺ നമ്പറും മറ്റ് വിവരങ്ങളും കുറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. രഹസ്യകോഡുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥിനികൾ കഞ്ചാവ് ആവശ്യപ്പെട്ടതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഞ്ചാവിന്റെ വിലയ്ക്ക് പകരം ‘സ്‌കോർ’ എന്നും ബീഡിയിലോ സിഗരറ്റിലോ നിറച്ചു കിട്ടുന്ന തരത്തിലുള്ള കഞ്ചാവിന് ‘ജോയിന്റ്’ എന്നുമാണ് വിദ്യാർത്ഥിനികൾ കോഡുഭാഷ ഉപയോഗിച്ച് സൂചിപ്പിച്ചത്.
കഞ്ചാവ് ലഭിക്കാനായി കാത്തുനിൽക്കേണ്ടി വരുമോ എന്നത് സൂചിപ്പിക്കാൻ ‘പോസ്റ്റ്’ എന്ന വാക്കും കഞ്ചാവ് ഉപയോഗിക്കാൻ സ്ഥലം ലഭിക്കുമോ എന്നറിയാൻ ‘ഹാൾട്ട്’ എന്നും വിദ്യാർത്ഥിനികൾ പറഞ്ഞിരുന്നു. ‘പിഎം’ എന്ന രഹസ്യനാമത്തിലാണ് കഞ്ചാവ് കടത്തുകാരനായ വിഷ്ണു വിദ്യാർത്ഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. മുൻപ് വിഷ്ണുവിനെയും കൃഷ്ണമൂർത്തിയെയും എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നെങ്കിലും ഇരുവർക്കും പ്രായപൂർത്തിയായില്ലെന്ന് കണ്ട് മാതാപിതാക്കളെ വിളിച്ച് ഉപദേശിച്ച ശേഷം കേസ് ചാർജ് ചെയ്യാതെ പറഞ്ഞുവിടുകയായിരുന്നു