നിലത്തില്‍പ്പോരിലൂടെ ദാരികനിണമൊഴുക്കി ദേവി ശാന്തസ്വരൂപിയായതോടെ ശാര്‍ക്കര കാളിയൂട്ടിനു പരിസമാപ്തി. ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ ഒഴുകിയെത്തിയ ഭക്തര്‍ക്കു ദര്‍ശനപുണ്യമേകിയാണ് കാളിയൂട്ടിനു കൊടിയിറങ്ങിയത്. ശാര്‍ക്കര ദേവീക്ഷേത്രത്തിലെ വിശാലമായ വെള്ളിമണല്‍പ്പരപ്പില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു കരകള്‍ കാത്തിരുന്ന കാളിയൂട്ടു നടന്നത്. ദൈത്യരാജാവായ ദാരികനെ നിലത്തില്‍പ്പോരിലൂടെ ദേവി നിഗ്രഹിക്കുന്നുവെന്ന സങ്കല്‍പ്പമാണ് കാളിയൂട്ടിനു പിന്നില്‍.
വൈകീട്ട് അഞ്ചുമണിയോടെയാണ് കാളി-ദാരികൻ പോരാട്ടം തുടങ്ങിയത് . ശാർക്കര പറമ്പിന്റെ വടക്ക് 42 കോൽ പൊക്കത്തിൽ തെങ്ങിൻതടിയിൽ തീർത്തതാണ് ഭദ്രക്രാളി പറണ്. തെക്ക് 27 കോൽ പൊക്കത്തിൽ കമുകിൻതടിയിൽ തീർത്തതാണ് ദാരിക പറണ്. തുടർന്ന് ദാരികവധം കുലവാഴ വെട്ടി പ്രതീകാത്മകമായി അവതരിപ്പിച്ചശേഷം ദേവി മുടിത്താളമാടി
.
ദാരികനെ വധിച്ച് നാടിനെ രക്ഷിച്ച സന്തോഷത്തോടെയുള്ള ഭദ്രകാളിയുടെ നൃത്തമാണ് മുടിത്താളം. തുടർന്ന് ദാരികന്റെ ശിരസ്സ്(മുടി) കൊണ്ടുവന്ന് ഭദ്രകാളിയുടെ മുടിയിൽ ഉഴിഞ്ഞു . മുടിയുഴിച്ചിൽ ദിവസം കലശത്തിൽ കെട്ടിവെച്ചിരിക്കുന്ന വിത്തെടുത്ത് മുടിയിൽ വിതറിയശേഷം മേൽശാന്തിയുടെയും സ്ഥാനികളുടെയും സാന്നിധ്യത്തിൽ മുടിയിറക്കി ഈ വർഷത്തെ കാളിയൂട്ടിന് സമാപനമായി.