കോവിഡ്19;ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്തി ഐസലേറ്റ് ചെയ്യും

0
347

ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത കോവിഡ് 19 വൈറസ് ബാധിതരായ തബ്ലീഗ് ജമാഅത്ത് (ടി ജെ) പ്രവര്‍ത്തകരെ കണ്ടെത്താനും ഐസലേറ്റ് ചെയ്യാനും നിരീക്ഷണത്തില്‍ വയ്ക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം.

തെലങ്കാനയില്‍ കോവിഡ് 19 പോസിറ്റീവ് കേസുകള്‍ വന്ന സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രാലയം വൈറസ് ബാധിതരായ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ മാര്‍ച്ച് 21ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കി.ഇതുവരെ 1339 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ നരേല, സുല്‍ത്താന്‍പുരി, ബക്കര്‍വാല എന്നിവിടങ്ങളിലേക്ക് നിരീക്ഷണത്തിലേയ്ക്കും ഒപ്പം ആശുപത്രികളിലേക്കും മാറ്റി.

തെലങ്കാനയിലുള്ള തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി നിസാമുദ്ദീനിലെ പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയിലേയും വിദേശ രാജ്യങ്ങളിലേയും തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം 21ന് എല്ലാ സംസ്ഥാനങ്ങളുമായും പങ്കുവച്ചു.

കോവിഡ് 19 ബാധിച്ചിട്ടുണ്ടാകാനിടയുള്ള തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ തിരിച്ചറിയാനും ഐസലേറ്റ് ചെയ്യാനും ക്വാറന്റൈന്‍ ചെയ്യാനുമായി കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 28നും 29നും എല്ലാ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്കും വീണ്ടും നിര്‍ദേശം നല്‍കി.

ഇതിനിടെ മര്‍ക്കസ് നിസാമുദ്ദീനില്‍ താമസിക്കുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പൊലീസ്, സംസ്ഥാന ആരോഗ്യവകുപ്പ് എന്നിവയുടെ നിര്‍ദ്ദേശപ്രകാരം പരിശോധനകള്‍ക്ക് വിധേയരാക്കി. മാര്‍ച്ച് 29 വരെ ഏകദേശം 162 തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ പരിശോധനകള്‍ക്ക് വിധേയരാക്കുകയും ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനകം 1339 പ്രവര്‍ത്തകരെ നരേല, സുല്‍ത്താന്‍പുരി, ബക്കര്‍വാല എന്നിവിടങ്ങളിലേക്ക് മാറ്റുകയും ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. ഇതോടൊപ്പം എല്‍എന്‍ജെപി, ആര്‍ജിഎസ്എസ്, ജിടിബി, ഡിഡിയു, എയിംസ്, ഝജ്ജാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ ഇപ്പോള്‍ വൈറസ് പരിശോധനകള്‍ക്ക് വിധേയരാക്കുകയാണ്.

സാധാരണ സന്ദര്‍ശക വിസയിലെത്തിയാണ് വിദേശത്ത് നിന്നുള്ളവര്‍ തബ്ലീഗ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. സന്ദര്‍ശക വിസയിലെത്തി മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്ന തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ അതത് സംസ്ഥാനങ്ങളിലെ പൊലീസ് നിരീക്ഷിക്കുകയും വിസ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടികളെടുക്കുകയും ചെയ്യും.