കോവിഡ്–-19 ഇന്ത്യയിൽ പടർന്നുപിടിച്ചാൽ ട്രെയിൻ ഉപയോഗിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഒരുകോടിയിലേറെ ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കാനുള്ള ആശയവുമായി അസറ്റ് ഹോംസ്. ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ശരാശരി 23-–മുതൽ 30 വരെ കോച്ചുകളുള്ള 12,617 ട്രെയിൻ ഉണ്ട്. ചെറിയ മാറ്റം വരുത്തിയാൽ ഇവ ആശുപത്രികളാക്കാൻ പ്രയാസമില്ല. ഓരോ ട്രെയിനിലും ഒരു കൺസൾട്ടേഷൻ റൂം, മെഡിക്കൽ സ്‌റ്റോർ, ചുരുങ്ങിയത് 1,000 ബെഡ്, ഒരു ഐസിയു, പാൻട്രി എന്നിവ സജ്ജമാക്കാമെന്നും അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടർ വി സുനിൽകുമാർ പറഞ്ഞു.
രാജ്യത്തെമ്പാടുമായി ഏഴായിരത്തഞ്ഞൂറി-ലേറെ വരുന്ന വലുതും ചെറുതുമായ റെയിൽവേ സ്റ്റേഷനുകൾവഴി ഇതിലേക്ക് പ്രവേശനം നൽകാം. രാജ്യത്തെ ഒരുകോടി കിലോ മീറ്റർ ദൈർഘ്യമുള്ള റെയിൽവേ ശൃംഖല മുഴുവൻ ഈ സേവനം ലഭ്യമാക്കാം. രോഗബാധയുള്ള സ്ഥലങ്ങളിലേക്ക് പെട്ടെന്ന് ഈ കോച്ചുകൾ എത്തിക്കാം. ഓരോ റെയിൽവേ സ്‌റ്റേഷനിലും ചുരുങ്ങിയത് 1000 ബെഡുള്ള രണ്ട് ട്രെയിനുകൾ വിന്യസിച്ചാൽ ദിവസം 2,000 പേർക്ക് ചികിത്സ നൽകാം.ഇതുസംബന്ധിച്ച് വിശദമായ പദ്ധതി പ്രധാനമന്ത്രിക്കും ഡിസാസ്റ്റർ മാനേജ്‌മെന്റ് അധികൃതർക്കും സമർപ്പിച്ചിട്ടുണ്ടെന്നും ലാഭേച്ഛയില്ലാതെ ഈ പദ്ധതിയുമായി സഹകരിക്കാൻ അസറ്റ് ഹോംസ് സന്നദ്ധമാണെന്നും സുനിൽകുമാർ പറഞ്ഞു.
പ്രതീകാത്മക ചിത്രങ്ങൾ.