ആറ്റിങ്ങൽ കൊട്ടാരം പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് പൈതൃക മ്യൂസിയമാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം നടന്നു. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്കും മാസ്റ്റർ പ്ലാൻ തയാറാക്കാനും തീരുമാനിച്ചു. നിയമസഭാ കോൺഫറൻസ് ഹാളിൽ മന്ത്റി രാമചന്ദ്രൻ കടന്നപള്ളിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്. ആറ്റിങ്ങൽ കൊട്ടാരത്തിൽ പൈതൃക മ്യൂസിയം സ്ഥാപിക്കാൻ ബഡ്ജറ്റിൽ 3 കോടി രൂപ വകയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ പദ്ധതിയുടെ തുടർ നടപടികൾ വേഗത്തിലാക്കാൻ ബി. സത്യൻ എം.എൽ.എ ആവശ്യപ്പെട്ട പ്രകാരമാണ് ഇന്നലെ യോഗം ചേർന്നത്. യോഗത്തിലെ തീരുമാന പ്രകാരം 18 ന് സംയുക്ത പരിശോധന നടത്തും. റവന്യൂവിഭാഗം, ദേവസ്വം ബോർഡ്, മുനിസിപ്പാലിറ്റി, പുരാവസ്തു വകുപ്പ് പ്രതിനിധികൾ പങ്കെടുക്കും. കൊട്ടാരം വക വസ്തുവിന്റെ ഏരിയ മനസിലാക്കി പ്ലാൻ തയ്യാറാക്കി റെവന്യൂ റെക്കാഡുകൾ പരിശോധിക്കാനും കൊട്ടാര പുനരുദ്ധാരണവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതി തയ്യാറക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കാനും വേണ്ടിയാണ് കൊട്ടാര സന്ദർശനം. മാർച്ച് 31നകം കരട് പ്രോജക്ട് സമർപ്പിക്കാനും തീരുമാനമായി. നഗരസഭാ ചെയർമാൻ എം. പ്രദീപ്,ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ. വാസു, മെമ്പർമാരായ അഡ്വ. വിജയകുമാർ, കെ.എസ്. രവി, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ. സോന, ലാൻഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ പ്രകാശ് എന്നിവരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു