കൊറോണയുമായി ബന്ധപ്പെട്ട് അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ ഡോ. ഷിനു ശ്യാമളനെതിരെ കേസെടുത്തു. ആരോഗ്യ പ്രവർത്തകർക്കെതിരെ അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന് കാണിച്ച് തൃശൂർ ഡി.എം.ഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഷിനു ശ്യാമളൻ ആരോഗ്യ പ്രവർത്തകരെ മോശമായി ചിത്രീകരിക്കുന്നതെന്ന് ഡി.എം.ഒ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൊറോണ ലക്ഷണമുള്ള രോഗി ചികിത്സയ്‌ക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവർ നടപടി കൈക്കൊണ്ടില്ലെന്ന് ഡോ. ഷിനു ശ്യാമളൻ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ഖത്തറിൽ നിന്നെത്തിയ ആൾ കടുത്ത പനിയോടെയാണ് ക്ലിനിക്കിലെത്തിയത്. വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും രോഗി അത് ചെവികൊണ്ടില്ല. പിന്നീട് വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ വൈകിയെന്നായിരുന്നു ഷിനു ശ്യാമളന്റെ ആരോപണം.ഡോക്‌ടറുടെ ആരോപണം വിവാദമായതോടെ സ്വകാര്യ ക്ലിനിക്ക് ഉടമ ഇവരെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.