തിരുവനന്തപുരം ചൂഴാറ്റുകോട്ട സ്വദേശിയും സീരിയൽ താരവുമായ ചിത്രലേഖയാണ് അറസ്റ്റിലായത്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. രണ്ട് ഇരുചക്രവാഹന യാത്രക്കാരെയാണ് ചിത്രലേഖ ഓടിച്ച കാർ ഇടിച്ചത്. നേമം പൂഴിക്കുന്നിൽ വച്ചായിരുന്നു അപകടം. കാട്ടാക്കട വീരണകാവിൽ നിന്ന് രണ്ട് ആക്‌ടീവ സ്‌കൂട്ടറുകളിൽ പൊങ്കാലയിടാൻപോയ നാല് പേരെയാണ് ഇടിച്ചിട്ടത്. ഒരു സ്ത്രീയുടെ കാലിന് പൊട്ടലുണ്ട്. മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൊങ്കാല തയാറാക്കാനായി കൊണ്ടുപോയ സാധനങ്ങളെല്ലാം റോഡിലേക്ക് മറിഞ്ഞു. ചിത്രലേഖ കാറിൽ നിന്ന് പുറത്തിറാങ്ങാനാകാത്ത തരത്തിൽ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും നാക്ക് കുഴഞ്ഞാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. അപകട സ്ഥലത്ത് നേമം പൊലീസ് എത്തിയെങ്കിലും വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പമില്ലാത്തതിനാൽ ചിത്രലേഖയെ കസ്റ്റഡിയിലെടുത്തില്ല. ഇതിനിടെ തന്നെ രക്ഷപ്പെടുത്തണമെന്ന് ചിത്രലേഖ പൊലീസിനോടും നാട്ടുകാരോടും അഭ്യർത്ഥിക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം വനിതാ പൊലീസെത്തി ചിത്രലേഖയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു