കരമന ജംഗ്ഷന് സമീപത്തെ ബാറ്റാ ഷോറൂമിൽ വൻതീപിടിത്തം. മൂന്ന് നില കെട്ടിടത്തിന്റെ ഷോറൂമിന് ഏറ്റവും മുകളിലായാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിലെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ചെങ്കൽ ചൂളയിൽ നിന്ന് മൂന്ന് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കരമന പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.സംഭവത്തിൽ ആളപായമില്ല. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ചെരുപ്പുകളും ബാഗുകളും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. രാവിലെ ഒൻപതരയോടെയാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സുകൾ എത്തിയതോടെ തിരക്കേറിയ റോഡിൽ ഏറെനേരം ഗതാഗതക്കുരുക്കും ഉണ്ടായി. വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. റോഡരികിലാണ് ഷോറും എന്നതിനാൽ തീയണയ്ക്കാൻ ഫയർഫോഴ്സിനും എളുപ്പമായി. ഈ ഷോറൂമിൽ നിന്നായിരുന്നു ജില്ലയിലെ മറ്റ് ഷോറൂമുകളിലേക്ക് ബാറ്റയുടെ ഉത്പന്നങ്ങൾ എത്തിച്ചിരുന്നത്.തീപിടിത്തം നടന്ന സമയത്ത് കട തുറന്നിട്ടുണ്ടായിരുന്നില്ല. റോഡിൽ നിന്നവരാണ് കടയിൽ നിന്ന് തീ ഉയരുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്. കടയ്‌ക്ക് സമീപമായി എ.ടി.എമ്മും എതിർവശത്തായി പെട്രോൾ പമ്പും സ്ഥിതി ചെയുന്നുണ്ട്. അവിടേക്ക് തീപടരാത്തത് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയെന്ന് അഗ്നിശമന സേന അധികൃതർ ഫ്ളാഷിനോട് വ്യക്തമാക്കി