ഇടുക്കി അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് മാത്യു ഇതിന് മുമ്പും ഇവരെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ ലൈല മണി (55)യുടെ ആദ്യ ഭർത്താവ് ഇരുപത് വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. 2014 മുതൽ വയനാട് സ്വദേശിയായ മാത്യുവിനൊപ്പമായിരുന്നു ജീവിതം. ഇതിനിടെ രോഗിയായ ലൈല മണിയെ ആദ്യം ഭർത്താവിലെ മകളുടെ തിരുവനന്തപുരത്തുള്ള വീടിനു സമീപം മാത്യു ഉപേക്ഷിച്ചിരുന്നു. തുടർന്ന് പൊലീസും മക്കളും ചേർന്നാണ് ഇവരെ വീണ്ടും ഒരുമിപ്പിച്ചത്.
കഴിഞ്ഞ ദിവസം പൂട്ടിയിട്ട കാറില്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടമ്മയെ കണ്ടെത്തിയ ആദ്യ മണിക്കൂറുകളില്‍ പൊലീസ് കരുതിയിരുന്നത് മാത്യുവിന് എന്തെങ്കിലും സംഭവിച്ചുകാണുമെന്നാണ്. എന്നാല്‍, ഇന്ന് ലൈലാമണിയുടെ ഒന്നാം ഭര്‍ത്താവിലെ മകന്‍ അമ്മയെ തേടി അടിമാലിയില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. രണ്ടാം ഭര്‍ത്താവ് മനപൂര്‍വം ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്ന് മകന്‍ മഞ്ജിത്തിന്റെ മൊഴിയില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞു. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മാത്യുവിന് വേണ്ടിയുളള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി ടൗണിനടുത്തുള്ള ദേശീയ പാതയ്ക്ക് സമീപം ഒരു ആൾട്ടോ കാർ പ്രദേശവാസികൾ കണ്ടതായി പറഞ്ഞിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവര്‍മാരാണ് കാറില്‍ വീട്ടമ്മയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കാര്യം പൊലീസിനെ അറിയിച്ചത്. ശേഷം പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.