നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ വായിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ സഭയിലേക്കെത്തിയ ഗവർണറെ പ്രതിപക്ഷം തടഞ്ഞു. ഗവർണർക്കെതിരെ “ഗോബാക്ക് വിളിയുമായാ”ണ് പ്രതിപക്ഷം നടുത്തളത്തിൽ എത്തിയത്. മുദ്രാവാക്യവിളിയും പ്ളക്കാർഡുകളുമായെത്തിയാണ് പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. സ്പീക്കറുടെ ഡയസിലേക്ക് കടക്കാനാവാതെ നിൽക്കുകയായിരുന്നു ഗവർണർ. ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ഗവര്‍ണക്കുമുന്നില്‍ ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷത്തെ വാച്ച് ആന്‍ഡ് വാര്‍ഡാണ് പിടിച്ചുമാറ്റിയത്. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തി. ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. ഇപ്പോൾ നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
അതേസമയം, നയപ്രഖ്യാപനത്തിൽ പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ വായിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെ അറിയിച്ചിരുന്നു. ഗവർണറിലേക്ക് കേരളം ഉറ്റുനോക്കുന്നതിനിടെയാണ്, പൗരത്വവിഷയത്തിലെ പരാമർശങ്ങൾ വായിക്കില്ലെന്ന് ഭരണഘടനാ ചട്ടവും സുപ്രീംകോടതി വിധിയും ഉദ്ധരിച്ച് ഗവർണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചത്. മന്ത്രിസഭ അംഗീകരിച്ച കരട് നയപ്രഖ്യാപനത്തിൽ മാറ്റം വരുത്താനാകില്ലെന്ന് സർക്കാർ അറിയിച്ചതിനുശേഷമായിരുന്നു ഇത്.