നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ കുറ്റം ചുമത്തിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. തനിക്കും മറ്റ് പ്രതികൾക്കും എതിരായ കേസുകൾ വ്യത്യസ്തതമാണെന്നും ഒരുമിച്ച് കുറ്റം ചുമത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. പൾസർ സുനി ഭീഷണിപ്പെടുത്തിയ കേസിൽ ഇര താനാണെന്നും അതിൽ പ്രത്യേക വിചാരണവേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.നടിയെ ആക്രമിച്ച കേസിൽ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഹർജിയുമായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നൽകിയ വിടുതൽ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ മേൽക്കോടതിയെ സമീപിക്കാൻ സമയം നൽകിയില്ലെന്നും പുതിയ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.