ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ 12 അംഗ സി.ഐ.ടി.യു സംഘം മർദ്ദിക്കുകയായിരുന്നു. മാനേജർ ജോയ്, ജീവനക്കാരന്‍ നവീൻ ചന്ദ്രൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ പൊലീസ് തൊടുപുഴയിലെ ജില്ലാ ആശുപത്രയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ മുഖത്തും, കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് മുത്തൂറ്റ് സ്ഥാപനം തുറന്നത്. സംസ്ഥാനത്തെ എല്ലാ മുത്തൂറ്റ് ശാഖകൾക്കും റീജണൽ ഓഫീസുകൾക്കും പോലിസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സ്ഥാപനത്തിനും ജീവനക്കാർക്കും സുരക്ഷയൊരുക്കേണ്ട ഉത്തരവാദിത്തം പൊലീസിനായിരിക്കുമെന്നും കോടതി അറിയിച്ചിരുന്നു.ഇതേതുടർന്ന് ഇന്നലെ സ്ഥാപനം തുറന്ന് പ്രവർത്തിച്ചിരുന്നു. പൊലീസ് സംരക്ഷണവും ഒരുക്കിയിരുന്നു. എന്നാൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവാതിരുന്നതിനാൽ ഇന്ന് പൊലീസ് സ്ഥാപനത്തിന് സംരക്ഷണം നൽകിയിരുന്നില്ല.