ലേൺ ടു ലിവ് വിത്ത് കോവിഡ് 19 കാംപയിൻ്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ, അടുത്ത ദിവസങ്ങളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയെഴുതുന്ന കുട്ടികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. ഇന്ന് കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തിയാണ് പരീക്ഷയ്ക്കെത്തുമ്പോൾ ധരിച്ചു വരേണ്ട മാസ്കുകൾ കൈമാറിയത്. കേഡറ്റുകൾ അവരവരുടെ വീടുകളിൽ തയ്യാറാക്കിയ മാസ്കുകൾക്കൊപ്പം പരീക്ഷക്കു വരുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ലഘുലേഖയും കൈമാറി. അടുത്ത ദിവസവും ഈ പ്രവർത്തനം തുടരും.
മാസ്ക് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളെ കഴിഞ്ഞ ദിവസം സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. പരീക്ഷദിവസങ്ങളിലും സ്കൂളുകൾക്ക് മുന്നിൽ ഹാൻ്റ് സാനിറ്റൈസറും മാസ്കും വിതരണം ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ.