മുഖ്യമന്ത്രി പ്രഖ്യാപിച്ച “ടെലിമെഡിസിൻ” പദ്ധതി ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി. വലിയകുന്ന് ഗവ. താലൂക്കാശുപത്രിയിൽ ‘ടെലിമെഡിസിൻ’ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം. പ്രദീപ് നിർവ്വഹിച്ചു. 65 വയസിനു മുകളിൽ പ്രായമുള്ളവരും ഗർഭിണികളും 10 വയസിൽ താഴെയുള്ള കുട്ടികൾക്കുമാണ് ഇതിൽ മുൻഗണന. രോഗികളൊ രോഗലക്ഷണമുള്ളവരോ കൂടാതെ ആരോഗ്യപരമായ സംശയങ്ങൾ ദൂരീകരിക്കുന്നതിന്റെ ഭാഗമായോ ഡോക്ടറുമായി 8848826969 എന്ന നമ്പറിലൂടെ ഫോൺ വഴി ബന്ധപ്പെടാവുന്നതാണ്. ഒരാൾക്ക് 3 മിനിട്ട് എന്ന ക്രമത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.
കൊറോണ കാലത്ത് ഇത്തരക്കാർ ആശുപത്രിയിലെത്തുന്ന സാഹചര്യം ഒഴിവാക്കി ഫോണിലൂടെ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്ന് ആശാവർക്കർമാർ, വോളന്റിയർമാർ മുഖേന രോഗികളുടെ വീട്ടിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്ന് ചെയർമാൻ അറിയിച്ചു. ടെലിമെഡിസിൻ സംവിധാനം ഉപയോഗിക്കുന്നതിനായുള്ള സ്മാർട്ട് ഫോൺ സംഭാവന ചെയ്തത് ട്രഷറി ഓഫീസിന് സമീപം പ്രവർത്തിക്കുന്ന വിശ്വാസ് മെഡിക്കൽസ് ഉടമ അനിലാണ്. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ്, ടെലിമെഡിസിൻ ഹോസ്പിറ്റൽ ഇൻചാർജ് ഡോ. വിജയകുമാർ എന്നിവർ പദ്ധതിയുടെ വിശദീകരണം നടത്തി. താലൂക്കാശുപത്രി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭാ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അവനവഞ്ചേരി രാജു, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, നഗരസഭാ സൂപ്രണ്ട് രാജേഷ്, ഡോ. ബിന്ദു ആശുപത്രി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.