ലോകവ്യാപകമായുള്ള കൊറോണ വൈറസ് ബാധയെതുടർന്ന് ഓഹരിവിപണിയിലുണ്ടായ നഷ്ടം മുകേഷ് അംബാനിക്ക് ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി നഷ്ടമാക്കിയിരിക്കുകയാണ്. ഒറ്റദിവസംകൊണ്ട് ഏകദേശം 43000 കോടി രൂപയുടെ നഷ്ടമാണ് അദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത്. ആലിബാബ ഉടമ ജാക്ക് മായാണ് അംബാനിയെ പിന്തള്ളി ഒന്നാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ആഗോള സാമ്പത്തിക ഭദ്രതയെ കൊറോണ ബാധ എത്രത്തോളം ദോഷമായി ബാധിക്കുന്നു എന്നതിന്റെ ഒരു നേർക്കാഴ്ച കൂടിയാണ് ഇത്തരം റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്. യൂറോപ്യൻ രാജ്യങ്ങൾക്കുപുറമെ, ചൈന ഇന്ത്യ, അറബ് രാജ്യങ്ങൾ എന്നിവയെ എല്ലാം വളരെ സാരമായ രീതിയിൽ കൊറോണ ബാധമൂലമുള്ള സാമ്പത്തിക നഷ്ടങ്ങൾ ബാധിച്ചിരിക്കുകയാണ്.