എറണാകുളത്തെ ശ്രീബാലാജി കോഫി ഹൗസ് ഉടമ വിജയൻ-മോഹന ദമ്പതികളുടെ യാത്ര ന്യൂസിലാൻഡിൽ വരെ എത്തി. ആസ്ട്രേലിയ യാത്രയ്ക്കു ശേഷം ന്യൂസിലാൻഡ് യാത്രയിലാണ്. ഇരുവരുടെയും യാത്രകളോടുള്ള പ്രേമത്തെ അറിഞ്ഞ മഹീന്ദ്രാ ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് ഇരുരാജ്യങ്ങളിലെയും യാത്ര സ്പോൺസർ ചെയ്തത്. ആസ്ട്രേലിയയിൽ എട്ടും ന്യൂസിലൻഡിൽ എഴും ദിവസമാണ് യാത്ര.
കെ.ആർ. വിജയനും മോഹനയും ചേർന്നാണ് ചായക്കട നടത്തുന്നത്. ഇതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെത്തന്നെയാണ് യാത്രയും. ചായ മാത്രമല്ല, ചെറുകടികളും വിളമ്പുന്ന ഈ ചായക്കടയിലെ വരുമാനത്തിൽ നിന്നും ദിവസവും 300 രൂപയോളം ഇവർ മാറ്റിവെയ്ക്കും. അങ്ങനെ മാറ്റിവെച്ച പണത്തിനെപ്പം വീണ്ടും ആവശ്യം വരുന്ന തുക ബാങ്കിൽ നിന്നും ലോൺ എടുക്കും. യാത്ര കഴിഞ്ഞു തിരിച്ചെത്തിയതിനു ശേഷം പിന്നീട് ആ ലോൺ എടുത്ത പണം തിരികെ അടയ്ക്കാനായി പണിയെടുക്കും. ദിവസവും 300 മുതൽ 350 പേർ വരെ ശ്രീ ബാലാജി കോഫി ഹൗസിൽ ചായ കുടിക്കാനെത്തും.
1988ലാണ് ഇവരുടെ ഹിമാലയൻ സന്ദർശനം. പിന്നീട് 3 പതിറ്റാണ്ടിനുള്ളിൽ യുഎസ്, ജർമനി, സ്വിറ്റ്സർലൻഡ്, ബ്രസീൽ, അർജന്റീന തുടങ്ങി 23 രാജ്യങ്ങളിൽ ഇരുവരും സന്ദർശനം നടത്തി. മുൻ യാത്രകളിൽ വിജയനും മോഹനയും മാത്രമായിരുന്നെങ്കിൽ ഇത്തവണ കൂട്ടിനു മരുമകൻ മുരളിയുമുണ്ട്. യാത്രകളിൽ കാൽ സെഞ്ച്വറി തികച്ച് ഇരുവരും ഇന്നാണ് മടങ്ങിയെത്തുക.