വിനോദ സഞ്ചാരികൾക്ക് വേണ്ട പുത്തൻ അറിവുകളും കേരളത്തിന്റെ പ്രകൃതിഭംഗിയുടെ ആകർഷകമായ ദൃശ്യങ്ങളും പങ്കുവയ്ക്കുന്ന കേരള ടൂറിസം ഫേസ്ബുക്ക് പേജ് 34.81ലക്ഷം ലൈക്കുമായി ആഗോളതലത്തിൽ നാലാം സ്ഥാനത്ത്. ആസ്‌ട്രേലിയ, അമേരിക്ക, ദുബായ് എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.
മലേഷ്യ, സിങ്കപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിലെ ടൂറിസം ഫേസ്ബുക്ക് പേജുകളെ മറികടന്ന് ദക്ഷിണേഷ്യയിൽ ഒന്നാം സ്ഥാനവും കേരള ടൂറിസം പേജ് കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വർഷത്തെക്കാൾ മൂന്നുമടങ്ങ് വർദ്ധനയാണ് കേരള ടൂറിസം പേജിൽ ഇപ്പോൾ ഉണ്ടായിട്ടുള്ളത്. 13.36 ലക്ഷം ലൈക്കുമായി ഗുജറാത്ത് ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്.
കേരള ടൂറിസം ഫേസ്ബുക്ക് പേജിൽ ലൈക്കുകളുടെ എണ്ണം കഴിഞ്ഞ രണ്ടു വർഷത്തേക്കാൾ മൂന്നുമടങ്ങ് വർദ്ധിച്ച് 3,481,239 ആയി. മുഖ്യധാരയിലുള്ള ടൂറിസം ഫേസ്ബുക്ക് പേജുകളായ മലേഷ്യക്ക് 3.3 ദശലക്ഷവും വിസിറ്റ് സിംഗപ്പൂരിന് 3.2 ദശലക്ഷവും അമെയ്സിങ് തായ്ലൻഡിന് 2.6 ദശലക്ഷവും ലൈക്കുകളാണുള്ളത്. രാജ്യത്തെ മറ്റ് ടൂറിസം വകുപ്പുകളുടെ ഫേസ്ബുക്ക് പേജുകളെക്കാൾ ബഹുദൂരം മുന്നിലാണ് കേരളം.